+

തൃശൂരില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; എസ്.ഐയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

നടപടി വിവാദമായപ്പോള്‍ എസ്.ഐയെ വീടിനടുത്തുള്ള സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റിയത്.

പാലയൂര്‍  പള്ളിയില്‍ ക്രിസ്മസ് ആഘോഷം മുടക്കിയ എസ്.ഐയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. പേരാമംഗലം എസ്.ഐ വിജിത്തിനെയാണ് തൃശൂര്‍ സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്. ചാവക്കാട് എസ്.ഐ ആയിരിക്കെ പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് കരോള്‍ പരിപാടിയില്‍ മൈക്ക് ഉപയോഗിക്കുന്നത് എസ്.ഐ വിലക്കിയിരുന്നു.

നടപടി വിവാദമായപ്പോള്‍ എസ്.ഐയെ വീടിനടുത്തുള്ള സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റിയത്. എസ്.ഐയ്ക്ക് ഇഷ്ട സ്ഥലംമാറ്റം നല്‍കിയത് എതിര്‍പ്പിന് ഇടയാക്കി. സിപിഎം ഉള്‍പ്പെടെ  എല്ലാ രാഷ്ടീയ പാര്‍ട്ടികളുടെയും എതിര്‍പ്പ് മറികടന്നാണ് അന്ന് എസ്.ഐയെ സംരക്ഷിച്ചത്. പിന്നാലെ എസ്‌ഐയ്‌ക്കെതിരെ  നടപടി ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിന് കത്ത് നല്‍കിയിരുന്നു. പാലയൂര്‍ പള്ളിയിലെ വിശ്വാസികളും എസ്.ഐയുടെ നടപടിയില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് ക്രമസമാധാന ചുമതലകളില്‍ നിന്ന് മാറ്റിയ നടപടി. എതിര്‍പ്പുകളെ വെല്ലുവിളിച്ച് എസ്‌ഐക്ക് ആദ്യം ഇഷ്ട സ്ഥലംമാറ്റം കൊടുത്ത  മേലുദ്യോഗസ്ഥര്‍ക്കും തിരിച്ചടിയായി ഇപ്പോഴത്തെ നടപടി.

പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷത്തിനിടെയാണ് പള്ളി വളപ്പില്‍ കരോള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിക്കാതിരുന്നത്. പരിപാടിയ്ക്ക് അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. നിര്‍ദ്ദേശം ലംഘിച്ച് കരോള്‍ പാടിയാല്‍ തൂക്കിയെടുത്ത് എറിയുമെന്ന് ചാവക്കാട് എസ്.ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചു. 

facebook twitter