അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം: 13 മരണം, 20 കുട്ടികളെ കാണാതായി

10:21 AM Jul 05, 2025 | Renjini kannur

അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. ടെക്സസില്‍ സമ്മര്‍ ക്യാംപിനെത്തിയ 20 പെണ്‍കുട്ടികളെ കാണാതായി. ടെക്സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതാണ് പെട്ടെന്നുണ്ടായ പ്രളയത്തിന് കാരണം.

ടെക്‌സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. അതേസമയം പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് ടെക്‌സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കി.വരും മണിക്കൂറുകളില്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് ടെക്സസ് ലെഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെക്സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി.