
ശബരിമല സന്നിധാനത്ത് ചെരിപ്പ് ധരിച്ച് കയറിയ പോലീസുകാരനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ചിങ്ങമാസ പൂജകള്‍ക്കായി നട തുറന്ന ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.തിരുവനന്തപുരം എസ്.എ.പി. ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസർ രാജേഷിനെയാണ് സംഭവത്തെത്തുടർന്ന് ക്യാമ്ബിലേക്ക് തിരിച്ചയച്ചത്.
ശനിയാഴ്ച രാത്രി 8:45-ഓടെ സോപാനത്തിന് സമീപം വെളുത്ത ചെരിപ്പണിഞ്ഞ് നില്‍ക്കുകയായിരുന്ന രാജേഷിന്റെ ചിത്രം ഒരു അയ്യപ്പഭക്തൻ മൊബൈലില്‍ പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തു.മഴ പെയ്തുകിടന്നതിനാല്‍ ചെരിപ്പുമായി ഓടി സന്നിധാനത്തേക്ക് കയറുകയായിരുന്നെന്നും, ചെരിപ്പ് അഴിച്ചുമാറ്റാൻ മറന്നുപോയെന്നുമാണ് പോലീസുകാരന്റെ വിശദീകരണം.
അറിയാതെ പറ്റിയതാണെങ്കിലും പോലീസ് ഈ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. അച്ചടക്കലംഘനമായി കണക്കാക്കി അന്വേഷണത്തിന് ശബരിമല പോലീസ് ചീഫ് കോ-ഓർഡിനേറ്ററായ എഡിജിപി എസ്. ശ്രീജിത്ത് ഉത്തരവിട്ടു. വടക്കേനട വഴിയാണ് പോലീസുകാരൻ കയറിയത്.