+

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽപ്രളയവും ; നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചു

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽപ്രളയവും. കുളുവിലെ ലാഗ് താഴ്‌വരയിൽ പുലർച്ചെ 1.30 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്.

ഷിംല : ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽപ്രളയവും. കുളുവിലെ ലാഗ് താഴ്‌വരയിൽ പുലർച്ചെ 1.30 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴയിൽ നിരവധി റോഡുകൾ തകർന്നു, വീടുകളും വാഹനങ്ങളും ഒലിച്ചുപോയി.

തുടർച്ചയായ മഴയും മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും ഹിമാചൽ പ്രദേശിനെ വിടാതെ പിന്തുടരുകയാണ്. രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 389 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. പല പ്രദേശങ്ങളിലും വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച സത്‌ലജ് നദി കരകവിഞ്ഞതിനെ തുടർന്ന് ഷിംല റോഡ് അടച്ചു.

ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗസ്റ്റ് 20 ന് രാവിലെ 6 മണി മുതൽ പോങ് ഡാമിലെ വെള്ളം ഘട്ടം ഘട്ടമായി തുറന്നുവിടും. ഓരോ 12 മണിക്കൂറിലും ഏകദേശം 6,000 ക്യുസെക് വെള്ളം തുറന്നുവിടുമെന്നും ജലപ്രവാഹവും ജലസംഭരണി സാഹചര്യങ്ങളും അനുസരിച്ച് പുറത്തേക്ക് ഒഴുകുന്നത് 75,000 ക്യുസെക് ആയി ഉയരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജൂൺ 20ന് മൺസൂൺ ആരംഭിച്ചതിനുശേഷം സംസ്ഥാനത്തിന് 2,031 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

facebook twitter