ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്‌ഫോടനം: ഏഴ് മരണം

11:15 AM Aug 17, 2025 | Kavya Ramachandran

ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത് . രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായതെന്നും ഇത് ഗ്രാമത്തിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുകയും ഭൂമിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കഠിനമായ പരിശ്രമത്തിനൊടുവിലാണ് പോലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (SDRF) സംയുക്ത സംഘത്തിന് സംഭവസ്ഥലത്തെത്താനായത്. പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരോടൊപ്പം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേറ്റ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

കത്വ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബഗാര്‍ഡ്, ചാങ്ദ ഗ്രാമങ്ങളിലും ലഖന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദില്‍വാന്‍-ഹത്ലിയിലും മണ്ണിടിച്ചിലുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷയ്ക്കായി ജലാശയങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.