മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം ഉടൻ : എം.വി ജയരാജനും നികേഷിനും സാധ്യത

12:03 PM Apr 21, 2025 | Neha Nair

കണ്ണൂർ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം ഉടൻ നടന്നേക്കും. കണ്ണൂരിൽ നിന്നുളള രണ്ടുപേരുകളാണ് ഈക്കാര്യത്തിൽ പരിഗണിക്കുന്നത്. മുൻജില്ലാസെക്രട്ടറിയും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.വി ജയരാജനാണ് മുൻഗണന. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം  ഉമുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരുന്ന കീഴ്‌വഴക്കം പാർട്ടിയിലില്ലാത്തത് എം.വി ജയരാജന് തടസമായി മാറിയേക്കാം.

കെ.കെ രാഗേഷിന് വേണ്ടി ജില്ലാസെക്രട്ടറി സ്ഥാനം ഒഴിഞ്ഞ എം.വി ജയരാജൻ നേരത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു അതുകൊണ്ടു തന്നെ പാർട്ടിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമിടയിൽ പാലമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.  എന്നാൽ മുതിർന്ന മാധ്യമപ്രവർത്തകനും പാർട്ടി കണ്ണൂർ ജില്ലാകമ്മിറ്റിയംഗവുമായ എം.വി നികേഷ് കുമാറിന്റെ പേരും പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ ഏതെങ്കിലും ഒരു മണ്ഡലം ലക്ഷ്യമിടുന്ന നികേഷ് കുമാറിന് ഈക്കാര്യത്തിൽ താൽപര്യമില്ലെന്നാണ് വിവരം. രാഷ്ട്രീയക്കാരനല്ലാത്ത പ്രൈവറ്റ് സെക്രട്ടറി വരികയാണെങ്കിൽ മുൻ ചീഫ് സെക്രട്ടറി കെ.വേണുവിനെയും പരിഗണിക്കുന്നുണ്ട്. നേരത്തെ പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിലേക്ക് വിവിധ തസ്തികകളിൽ ആളുകളെ നിയമിച്ചതെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യം മാത്രമാണ് പരിഗണിക്കുന്നത്.

കെ.കെ രാഗേഷിനു പകരം ആര് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന് മുഖ്യമന്ത്രി തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്ക് ഇതിൽ ഒരു റോളുമില്ലെന്ന് അർത്ഥശങ്കയില്ലാത്ത വിധം വ്യക്തമാക്കുകയായിരുന്നു എം.വി ഗോവിന്ദൻ.