കൊച്ചി : ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഉണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിയും ആലുവയിലെ ഡ്രൈവറുമായ അന്‍ഷാദിനാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പകല്‍സമയങ്ങളിലും രാത്രിസമയങ്ങളിലും സ്ഥിരമായി സമയം ചെലവഴിക്കുന്നവര്‍ ഉണ്ട്. ഇവര്‍ പലപ്പോഴും വാക്കുതര്‍ക്കങ്ങളിലും ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ, വാക്കുതര്‍ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. നാലുപേര്‍ ചേര്‍ന്നാണ് അന്‍ഷാദിനെ ആക്രമിച്ചതെന്നാണ് വിവരം.
വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ അന്‍ഷാദിന്റെ കൈയിലും കാലിലും കഴുത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച പോലീസ്, പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ സമാനമായ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ പോലീസിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.