വെളിച്ചെണ്ണ വില കുറയുന്നു; പണി കിട്ടിയത് കൊപ്ര വ്യാപാരികൾക്ക്

11:39 AM Aug 15, 2025 | Kavya Ramachandran

വടക്കഞ്ചേരി: സംസ്ഥാനത്ത്  കൊപ്രവില കുറഞ്ഞതോടെ വെളിച്ചെണ്ണ വിലയും കുറഞ്ഞുതുടങ്ങി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരഫെഡിന്റെ കേര വെളിച്ചെണ്ണ വില ലിറ്ററിന് 50 രൂപ കുറഞ്ഞു. ലിറ്ററിന് 529 രൂപയായിരുന്ന കേര വെളിച്ചെണ്ണയുടെ വില ഇപ്പോൾ 479 ആയി. കുറഞ്ഞ നിരക്കിലുള്ള വെളിച്ചെണ്ണ കേരഫെഡ് വിപണിയിലെത്തിച്ചുതുടങ്ങി.

ഇതിനുപുറമേ ഓണത്തോടനുബന്ധിച്ച് ലിറ്ററിന് 457 രൂപയ്ക്ക് രണ്ട് ലക്ഷം ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയ്ക്കും നൽകിയിട്ടുണ്ട്. സപ്ലൈക്കോയുടെ ശബരി വെളിച്ചെണ്ണ സബ്‌സിഡി നിരക്കായ 349 രൂപയ്ക്കും ഉപഭോക്താക്കൾക്കു ലഭിക്കും. കേരഫെഡിന്റെയും സപ്ലൈകോയുടെയും ചേർത്ത് ഒരു റേഷൻകാർഡുടമയ്ക്ക് രണ്ട് ലിറ്റർ വെളിച്ചെണ്ണ കുറഞ്ഞ നിരക്കിൽ ലഭിക്കും.

ഓണക്കാലത്ത് വെളിച്ചെണ്ണ വില ലിറ്ററിന് 600 രൂപവരെയെത്തുമെന്നായിരുന്നു വിലയിരുത്തലുകൾ. ഗ്രാമീണമേഖലകളിലുള്ള ചെറുകിട വെളിച്ചെണ്ണ ഉത്പാദകരും മില്ലുകാരും ലിറ്ററിന് 400-450 രൂപ നിരക്കിലാണ് വെളിച്ചെണ്ണ വിൽക്കുന്നത്. വൻകിട വെളിച്ചെണ്ണ ഉത്പാദകർ വിപണിയിൽനിന്ന് കൊപ്ര വാങ്ങുന്നതു കുറച്ചതോടെ വിപണിയിലേക്ക് കൊപ്ര എത്തിത്തുടങ്ങിയതാണ് വെളിച്ചെണ്ണവില പെെട്ടന്നു കുറയാൻ ഇടയാക്കിയതെന്നാണു വിലയിരുത്തലെന്ന് കേരഫെഡ് മാനേജിങ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ പറഞ്ഞു.

കൊപ്രവില കുറഞ്ഞത് കേരളത്തിലെ കൊപ്ര വ്യാപാരികൾക്കാണ് കനത്ത തിരിച്ചടിയായത്. ഓണത്തിന് വെളിച്ചെണ്ണ ഉത്പാദനത്തിനായി കൊപ്രയുടെ ആവശ്യകത കൂടുമെന്ന വിലയിരുത്തലിൽ വ്യാപാരികൾ കൊപ്ര വാങ്ങി സൂക്ഷിച്ചിരുന്നു.

കൊപ്രയ്ക്ക് രണ്ടാഴ്ച മുൻപ് കിലോഗ്രാമിന് 280 രൂപയായിരുന്ന സമയത്താണ് ഓണക്കാലത്ത് വില കൂടുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ കൊപ്ര സംഭരിച്ചത്. നിലവിൽ കൊപ്ര വില 228 രൂപയിലെത്തി. വാങ്ങിയ വിലയേക്കാൾ കുറച്ച് കൊപ്ര വിറ്റഴിക്കേണ്ട സ്ഥിതിയിലാണു വ്യാപാരികൾ.