
കോഴിക്കോട് പേരാമ്പ്രയില്‍ കോളേജ് വിദ്യാര്‍ത്ഥി ബസ് ഇടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഒമേഗ ബസിന്റെ ഡ്രൈവര്‍ ആദം ഷാഫിയുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. ഇയാളെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
ശനിയാഴ്ച വൈകിട്ട് നാലിന് പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിന് മുമ്പിലായിരുന്നു സംഭവം നടന്നത്. സ്‌കൂട്ടര്‍ യാത്രികനായ അബ്ദുല്‍ ജവാദ് (19) ആണ് മരിച്ചത്. അമിത വേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ജവാദിനെ ഇടിച്ചിടുകയായിരുന്നു. സ്‌കൂട്ടറില്‍നിന്ന് മറിഞ്ഞുവീണ ജവാദിന്റെ തലയിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി. സംഭവ സ്ഥലത്തുതന്നെ ജവാദ് മരിച്ചു.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.