'കമ്യൂണിസമൊക്കെ വീടിന് പുറത്ത് വീടിനകത്ത് നടക്കില്ല, അനുസരിച്ചില്ലേൽ കൊന്നുകളയും' ; ഇതരമതസ്ഥനെ വിവാഹം കഴിക്കാൻ തീരുമാനിച്ച സിപിഎം നേതാവിന്റെ മകൾ വീട്ടുതടങ്കലിൽ

10:03 AM Oct 21, 2025 | Neha Nair

കാസർകോട് : ഉദുമയിൽ സി.പി.എം നേതാവ് മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി. സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.വി ഭാസ്കരന്റെ മകൾ സംഗീതയാണ് ഗുരുതര വിഡിയോ സന്ദേശവുമായി രംഗത്ത് വന്നത്.മനോരമയാണ് വാർത്ത പുറത്ത് വിട്ടത്. അരയ്ക്ക് താഴെ തളർന്ന തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് അറിയിച്ചതോടെയാണ് വീട്ടിൽ പൂട്ടിയിട്ടതെന്നും പുറത്ത് വന്ന വിഡിയോയിൽ സംഗീത പറയുന്നു.

'ഏകദേശം അഞ്ചുമാസത്തോളമായി ഞാൻ വീട്ടുതടങ്കലിലാണ്. അരയ്ക്ക് താഴെ തളർന്ന എന്റെ ട്രീറ്റ്മെന്റെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. മുസ്ലിം ആയ വ്യക്തിക്ക് ജീവിതത്തിൽ അഭിപ്രായ സ്വാതന്ത്ര്യം കൊടുത്തതിന്റെ പേരിലും അദ്ദേഹത്തെ ട്രസ്റ്റ് ചെയ്തതിന്റെ പേരിലും എന്റെ കുടുംബം മാനസികമായും ശാരീരികമായും കടുത്ത പീഡനമാണ് നേരിടേണ്ടിവരുന്നത്. ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്രയുമുള്ള കാര്യങ്ങളാണ് എന്റെ അച്ഛൻ ചെയ്യുന്നത്. അദ്ദേഹത്തെ പറഞ്ഞാൽ എല്ലാവർക്കും അറിയും. ഉദുമയിലെ ഒരു കമ്യൂണിസ്റ്റ് നേതാവാണ്. പി.വി ഭാസ്കരൻ.

കമ്യൂണിസം എന്നുള്ളത് പുറത്ത് കാണിക്കാൻ മാത്രമുള്ളതാണെന്ന് ഈയിടെയാണ് എനിക്ക് മനസിലായത്. അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു, കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത് വീടിന് അകത്ത് അതൊന്നും നടക്കില്ല. അക്കാര്യം പറഞ്ഞ് ഇവിടെ നിൽക്കാമെന്ന് കരുതണ്ട. പറയുന്നത് അനുസരിച്ചില്ലേൽ കൊല്ലാനും അതിൽ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു. ഇനി നീ നടക്കാനും പോകുന്നില്ല. അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്ന് പുഴുത്തോ.'-പുറത്ത് വന്ന വിഡിയോയിൽ സംഗീത പറയുന്നു. ഫോൺ വാങ്ങിവെച്ചതിനെ തുടർന്ന് തന്റെ കൈയിൽ രഹസ്യമായി സൂക്ഷിച്ച ഫോണിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ച് പുറത്ത് വിടുന്നത്.

വിവാഹ മോചിതായായ സംഗീത ഒരു വാഹനാപകടത്തിൽ പെട്ടതിനെ തുടർന്ന് അരയ്ക്ക് താഴെ തളരുകയും വീട്ടിൽ ഒതുങ്ങികൂടുകയായിരുന്നു. ചികിത്സയിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ നാഡി വൈദ്യം പരീക്ഷിച്ചിരുന്നു വീട്ടുകാർ.

അതിനായി എത്തിയ യുവാവുമായാണ് സംഗീത അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതും. ഇതോടെ ചികിത്സ മതിയാക്കി യുവതിയെ വീട്ടിൽ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി. തടങ്കലിലാണെന്ന് കാണിച്ച് ഒരു സുഹൃത്ത് വഴിയ ഹെബിയസ് കോർപസ് ഫയൽ ചെയ്തെങ്കിലും പൊലീസ് തന്നോട് ഒന്നും ചോദിക്കാൻ തയാറായില്ലെന്നുമാണ് പരാതി. വിഡിയോ മാധ്യമങ്ങൾക്ക് കൈമാറുന്നതിന് മുൻപ് യുവതി എസ്.പിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു.