കര്‍ണാടകയില്‍ രണ്ടു ദിവസം സമ്പൂര്‍ണ റെഡ് അലര്‍ട്ട്

09:46 PM May 20, 2025 | Suchithra Sivadas

കര്‍ണാടകയില്‍ സമ്പൂര്‍ണ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബെംഗളുരുവില്‍ അടക്കം അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരുമെന്നാണ് പ്രവചനം. കനത്ത മഴ തുടരുന്ന ബെംഗളൂരുവിലെ ജന ജീവിതം ദുരിതമയമായി. ഇലക്ട്രോണിക് സിറ്റി അടക്കമുള്ള നഗരങ്ങളിലെ പ്രധാന മേഖലകളിലെല്ലാം വലിയ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ്. ഇന്നലെ മാത്രം നഗരത്തില്‍ മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇലക്ട്രോണിക് സിറ്റിയില്‍ അടക്കം പല ഐ ടി കമ്പനികളും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രാഫിക് കുരുക്കിന് കുറവുണ്ടായില്ല. മഴക്കാലപൂര്‍വശുചീകരണം കൃത്യമായി നടപ്പാക്കാത്തതിനും റോഡുകളിലെ കുഴികള്‍ നന്നാക്കാത്തതിനും കര്‍ണാടക സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണ്.