
തൃശൂര്‍: പൂരാവേശം മണ്ണും വിണ്ണും നിറച്ച് ഘടകപൂരങ്ങള്‍. ആദ്യ പൂരമായി രാവിലെ 7.30 ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തി. അതോടെ ആവേശം ആകാശത്തോളമുയര്‍ന്നു. ഒമ്പത് ആനകളുടെ അകമ്പടിയോടെയാണ് ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയിലൂടെ തെക്കേഗോപുര നടയിലേക്കെത്തിയത്.
വടക്കുന്നാഥന് കണിയുമായാണ് കണിമംഗലം ശാസ്താവ് എത്തുന്നത്. വെയിലും മഴയുമേല്‍ക്കാതെ എത്തിയ ശാസ്താവിനെ ആയിരക്കണക്കിന് പൂരപ്രേമികളും അനുഗമിച്ചു. ദേവഗുരുവായ ബ്രഹസ്പതിയുടെ തിടമ്പേറ്റിയ കൊമ്പനൊപ്പം ആറാനകള്‍ മുന്നിലും മൂന്നാനകള്‍ പിന്നിലുമായി നിരന്നു. സര്‍വ പ്രൗഢിയും തികഞ്ഞ ശാസ്താവിന്റെ എഴുന്നള്ളത്ത് ആര്‍പ്പുവിളികളോടെ ജനം വരവേറ്റു.
തെക്കേഗോപുര നടയ്ക്ക് അഭിമുഖമെത്തി നടുവില്‍ തിടമ്പേറ്റിയ ഗജവീരനും ഇടംവലം എട്ട് ആനകളും നിരന്നു നിന്നു. ഗജ സൗന്ദര്യത്തില്‍ മയങ്ങിയ പൂരപ്രേമികള്‍ ആരവം മുഴക്കി. ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ടുള്ള എഴുന്നള്ളത്തിന് കുടകളും ആലവട്ട, വെണ്‍ചാമര ചമയങ്ങളെല്ലാം ദൃശ്യഭംഗിയേകി. നെയ്തലക്കാവ് ഭഗവതി തുറന്നിട്ട തെക്കേഗോപുര നടയിലൂടെ കയറി കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ കണ്ടു വണങ്ങി. പൂരപ്രേമികള്‍ കുരവകളോടെയും ആര്‍പ്പുവിളിയോടെയും ആഹ്‌ളാദമറിയിച്ചു.
ശേഷം ശാസ്താവ് മടങ്ങി. പിന്നാലെ കാരമുക്ക് ലാലൂര്‍ ഭഗവതിയും പനമുക്കംപള്ളി ശാസ്താവും അയ്യന്തോള്‍ ഭഗവതിയും ചെമ്പുക്കാവ് ഭഗവതിയും നെയ്തലക്കാവിലമ്മയും വടക്കുംനാഥനെ തൊഴാന്‍ എത്തി. ഓരോ ഭഗവതിയും എത്തുമ്പോള്‍ ശ്രീമൂലസ്ഥാനത്ത് ഓരോ മേളം കൊട്ടിക്കയറി. ചിട്ടവട്ടങ്ങളാല്‍ സമ്പന്നമായ ഘടകപൂരങ്ങളുടെ വരവ് തൃശൂര്‍പൂരത്തിന് കൂടുതല്‍ ഭംഗിയേകി. വെയിലും തളര്‍ച്ചയും മറന്നാണ് മണിക്കൂറുകള്‍ നീണ്ട ഘടകപൂരങ്ങള്‍ക്ക് പൂരപ്രേമികള്‍ കാഴ്ചക്കാരായത്.