
തൃശൂര്‍: ജനസാഗരത്തില്‍ മുങ്ങി ഇലഞ്ഞിത്തറമേളം. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ പൂരാവേശം പരകോടിയിലെത്തിച്ച് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം കൊട്ടിത്തകര്‍ത്തു. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇലഞ്ഞിത്തറ മേളം. വടക്കുന്നാഥന്റെ കിഴക്കേ ഗോപുരം കടന്ന് പാറമേക്കാവ് ഭഗവതി ക്ഷേത്രം വലംവച്ച് ഇലഞ്ഞി ചോട്ടില്‍ എത്തിയതോടെയാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്.
ആയിരങ്ങളാണ് ഇലഞ്ഞിത്തറ മേളത്തിനായി ഒഴുകിയെത്തിയത്. പാണ്ടിമേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കൊപ്പം നാദവിസ്മയം തീര്‍ക്കുന്നത്. കൂത്തമ്പലത്തിന് മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത.് പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം ഇവിടെയാണെന്ന സങ്കല്പത്തില്‍ ആവേശമൊട്ടും ചോരാതെ മേളം കൊട്ടിക്കയറുമ്പോള്‍ ആസ്വാദകരും താളം പിടിച്ചു. കുഴല്‍ വിളിയോടെ ചെണ്ടപ്പുറത്തു കോലുവീണതോടെ നാദവിസ്മയമായി ഇലഞ്ഞിത്തറമേളം തുടങ്ങി. ഏകദേശം രണ്ടു മണിക്കൂറോളം പാണ്ടിമേളം ഇലഞ്ഞിത്തറയില്‍ കൊട്ടിക്കയറി.
അകം നിറയുന്ന ആത്മഹര്‍ഷത്തോടെ കാഴ്ചക്കാര്‍ ആരവം മുഴക്കി. ഇരുന്നൂറോളം വരുന്ന വാദ്യപ്രമുഖരും ഒട്ടനവധി മേളക്കാരും ജനസഹസ്രങ്ങളില്‍ ആവേശമായി പടര്‍ന്നു. 'പതികാല'-ത്തില്‍ തുടങ്ങി സംഗീതാര്‍ദ്രമായ മേളം സംഗീതം വിട്ട് മുറുകിയതോടെ ആവേശവും ഉച്ചസ്ഥായിയിലായി. കുറുങ്കുഴലുകാരുടെ തലയാട്ടലും കൊമ്പുകാരുടെയും ഇലത്താളക്കാരുടെയും താളത്തിനും ഒപ്പം പൂരപ്രേമികളും മേളത്തില്‍ അലിഞ്ഞു.
തകൃതത്തിന്റെയും ത്രിപുടയുടെയും അവസാനഭാഗമെത്തിയപ്പോള്‍ ആവേശം നിയന്ത്രിക്കാനാകാതെ ആസ്വാദകരും ആവേശത്തോടെ താളമിട്ടു.
മേളം 'മുട്ടിന്മേല്‍ ചെണ്ട'-യിലെത്തിയതോടെ കേവലം കാഴ്ചക്കാരായി എത്തിയവര്‍ പോലും താളമേളത്തില്‍ മുറുകി. ചെണ്ടയും കൊമ്പും കുഴലും കുറുങ്കുഴലും ഇലത്താളവുമായി മേളം കൊഴുത്തതോടെ പൂരാവേശം ഇലഞ്ഞിത്തറയില്‍ പൂരനാദ വിസ്മയം തീര്‍ത്തു. അതിനൊപ്പം ആസ്വാദകരുടെ ആരവവും പൂരം ഇളക്കിമറിച്ചു.