എറണാകുളം ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ഗ്രീറ്റ് അടര്‍ന്നുവീണു

05:42 AM Mar 10, 2025 | Suchithra Sivadas

എറണാകുളം ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ഗ്രീറ്റ് അടര്‍ന്നുവീണു. കാലപ്പഴക്കം കാരണമാണ് സ്ത്രീകളുടെ വാര്‍ഡിലെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ഗ്രീറ്റ് അടര്‍ന്ന് വീണത്. മുറി അടച്ചിട്ടതായിരുന്നു എന്നും താല്‍ക്കാലിക ആവശ്യത്തിന് വേണ്ടി തുറന്നതാണ് എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കോണ്‍ഗ്രീറ്റ് അടര്‍ന്നുവീഴുമ്പോള്‍ മുറിയില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല.

പ്രസവം നിര്‍ത്തുന്നതിനായി സ്ത്രീകളെ പാര്‍പ്പിക്കുന്ന വാര്‍ഡിലാണ് സംഭവം. അടുത്തിടെ പ്രസവിച്ച അമ്മയും കുഞ്ഞും അടക്കം എട്ട് പേര്‍ സംഭവം നടന്ന സമയത്ത് മുറിയിലുണ്ടായിരുന്നു. വാര്‍ഡിന്റെ ഒരു ഭാഗത്തെ മേല്‍ക്കൂരയില്‍ നിന്നാണ് കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്ന് വീണത്. തുടര്‍ന്ന് എല്ലാവരേയും മറ്റൊരു വാര്‍ഡിലേക്ക് മാറ്റി മുറി അടച്ചിട്ടു. വരും ദിവസങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അടച്ചിട്ട വാര്‍ഡാണിതെന്നും രോഗികള്‍ കൂടുതലായതിനാല്‍ തത്കാലത്തേക്ക് തുറന്നാണെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.