+

വിഡി സതീശനെ ഒതുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫിയും, തെറിയഭിഷേകവുമായി കോണ്‍ഗ്രസ് സൈബര്‍ സംഘം, അവസരം മുതലെടുക്കാന്‍ ചെന്നിത്തല

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സൈബര്‍ ആക്രമണങ്ങള്‍ കടുക്കുന്നു.


തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സൈബര്‍ ആക്രമണങ്ങള്‍ കടുക്കുന്നു.

രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയതോടെ ഉറ്റ സുഹൃത്ത് ഷാഫി പറമ്പിലിന്റെ പിന്തുണയോടെയാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഒരുസംഘം രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

യൂത്ത് കോണ്‍ഗ്രസിന്റെ ഊര്‍ജസ്വലനായ നേതാവായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാല്‍, സ്ത്രീകളെ ലൈംഗിക ഉപകരണമായി കണക്കാക്കി അശ്ലീല സന്ദേശമയക്കുന്നു എന്ന വ്യാപകമായ പരാതി കോണ്‍ഗ്രസിന് ലഭിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛദ്രം ചെയ്യിച്ചെന്ന ഓഡിയോ സന്ദേശം പുറത്താവുകയും ചെയ്തതോടെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താകുന്നത്.

ലൈംഗിക പീഡനം, ശാരീരിക-മാനസിക പീഡനം, ഭീഷണി, സോഷ്യല്‍ മീഡിയയിലൂടെയുള്ള സ്റ്റാക്കിങ് എന്നിവ രാഹുലിനെതിരെ ഉയര്‍ന്നു. വിഷയത്തില്‍ കേരള പൊലീസിന്റെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഈ വിവാദത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ വിശ്വാസ്യതയും സ്ത്രീകളോടുള്ള ബഹുമാനവും സംരക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചു, എന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മോ ബിജെപിയോ ഇത്തരം നടപടികള്‍ സ്വീകരിക്കാത്തപ്പോള്‍ കോണ്‍ഗ്രസ് അതു ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ നിലപാട് പാര്‍ട്ടിക്കുള്ളില്‍ ചിലരെ ചൊടിപ്പിച്ചു. മാങ്കൂട്ടത്തിലിന്റെ അനുയായികള്‍, പ്രത്യേകിച്ച് ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ യുവാക്കളും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും, സതീശനെ വ്യക്തിപരമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.

മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷനു പിന്നാലെ, സതീശനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളുടെ പ്രവാഹമുണ്ടായി. കോണ്‍ഗ്രസിന്റെ തന്നെ ചില ഹാന്‍ഡിലുകളില്‍ നിന്നാണ് ഈ ആക്രമണങ്ങള്‍ വന്നത്.

ആരോപണമുന്നയിച്ച സ്ത്രീകള്‍ക്കെതിരെയും സമാന ആക്രമണങ്ങള്‍ ഉണ്ടായി. ഉമ തോമസ്, ബിന്ദു കൃഷ്ണ തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെയും സൈബര്‍ അധിക്ഷേപങ്ങള്‍ ഉയര്‍ന്നു.

പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത, പ്രത്യേകിച്ച് മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും അനുകൂലിക്കുന്നവരുടെ ആക്രമണങ്ങള്‍, കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഈ പോരാട്ടം പാര്‍ട്ടിയുടെ ഐക്യത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.

വിഡി സതീശനെതിരെ ഒരുവിഭാഗം സൈബറാക്രമണം കടുപ്പിക്കുകയും കോണ്‍ഗ്രസിനുള്ളില്‍ കലാപമുയരുകയും ചെയ്തതോടെ രമേശ് ചെന്നിത്തല തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതോടെ പിറകിലായ ഇമേജ് തിരിച്ചുപിടിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോഴത്തെ സാഹചര്യം തുണയാകും.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുറത്താക്കല്‍ കോണ്‍ഗ്രസിന്റെ ധാര്‍മിക നിലപാടിന്റെ പ്രതിഫലനമാണെങ്കിലും, അതിനു പിന്നാലെയുള്ള സൈബര്‍ ആക്രമണങ്ങള്‍ പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ വെളിവാക്കുന്നു. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ പോലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവം.

facebook twitter