കല്‍പറ്റ: ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം വാങ്ങിയ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ബാധ്യത സ്വന്തം തലയിലായതോടെ ആത്മഹത്യ ചെയ്യേണ്ടിവന്ന വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെ കൂട്ടത്തോടെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയനായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ന്യായീകരിക്കുകയും വിജയന്റെ കുടുംബത്തെ അധിക്ഷേപിക്കുകയും ചെയ്തു.
വിജയന്റെ ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന് സതീശനും ചെന്നിത്തലയും പറയുമ്പോള്‍ അന്തവും കുന്തവും ഇല്ലാത്തവരാണ് കുടുംബാംഗങ്ങളെന്നാണ് കെ സുധാകരന്റെ അധിക്ഷേപം.
കത്തിലെ ഉള്ളടക്കത്തിന് വ്യക്തതയില്ല, ഇതില്‍ പാര്‍ട്ടിയല്ല വ്യക്തികളാണ് എന്നായിരുന്നു സതീശന്റെ മറുപടി. ചെയ്യാം നോക്കാം എന്നൊക്കെയാണ് മറ്റുള്ളവരും പറഞ്ഞതെന്ന് വിജയന്റെ മകനും മരുമകളും പറയുന്നു.
നേതാക്കള്‍ ഞങ്ങളെയൊന്ന് വിളിച്ച്, കൂടെയുണ്ടെന്ന് ഒരുവാക്ക് പറഞ്ഞാല്‍ മതിയായിരുന്നു. ആ പ്രതീക്ഷ ഇല്ലാതായതോടെയാണ് മാധ്യമങ്ങള്‍ക്കും പോലീസ് മേധാവിക്കും കത്ത് കൈമാറിയത്. വയനാട്ടിലെ നേതാക്കളും തിരിഞ്ഞുനോക്കിയില്ല. ആരും വിളിക്കുക പോലും ചെയ്തില്ലെന്നും മരുമകള്‍ പത്മജ പറഞ്ഞു.
കത്ത് പുറത്തുവന്നതിന് പിന്നാലെ കുടുംബത്തിന്റെ പ്രതികരണത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ചോദിച്ചപ്പോള്‍, അവര്‍ക്ക് മറ്റെന്തെങ്കിലും താത്പര്യമുണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കത്തിലെ ചില കാര്യങ്ങളില്‍ ക്ലാരിറ്റിയില്ലെന്നും സതീശന്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തിനായി ഐസി ബാലകൃഷ്ണന്‍ കോഴ വാങ്ങിയെന്ന് കത്തിലെ പരാമര്‍ശിക്കുന്നുണ്ട്. പണം വാങ്ങിയെന്ന് പറയപ്പെടുന്ന ഐസി ബാലകൃഷ്ണന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.
ഐസി ബാലകൃഷ്ണന്‍ ദീര്‍ഘകാല പരിചയമുള്ള നേതാവാണ്. അദ്ദേഹം ഒരിക്കലും അത് ചെയ്യില്ല. കെപിസിസിയുടെ അന്വേഷണസമിതി പരിശോധിച്ച് റിപ്പോര്‍ട്ട് തന്നാലെ തനിക്ക് പ്രതികരിക്കാന്‍ കഴിയൂയെന്നും സുധാകരന്‍ പറഞ്ഞു,
പരാതി നല്‍കുമെന്ന് കുടുംബത്തിന് പറയുന്നതിനെന്താ? കുടുംബത്തിന് വല്ല അന്തോം കുന്തോം, ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ?, പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് സുധാകരന്‍ പ്രതികരിച്ചു. നേരത്തെ കത്ത് കിട്ടിയെങ്കിലും വായിച്ച് നോക്കിയില്ലെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് സുധാകരന്റെ മറുപടി.