പുല്‍പ്പള്ളി: കേരള - കർണാടക അതിർത്തിയായ പുൽപ്പള്ളി പൊളന്ന കൊല്ലിവയലിനു സമീപം കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ യുവാവ് മരിച്ചു. കുട്ട ചേരപ്പക്കവല മുള്ളന്‍കൊല്ലി ഇരുപ്പൂട് കാട്ടുനായ്ക്ക ഉന്നതിയിലെ രാജു-മഞ്ജു ദമ്പതികളുടെ മകന്‍ വിഷ്ണുവാണ്(22)മരിച്ചത്.
ഇന്നു രാത്രി എട്ടരയോടെയാണ് സംഭവം. കൊല്ലിവയല്‍ ഉന്നതിയിലെ ബന്ധുവീട്ടില്‍ വന്ന വിഷ്ണു വനത്തിലൂടെ കര്‍ണാടകയിലേക്ക് മടങ്ങുന്നതിനിടെയാണ് ആനയുടെ മുന്നില്‍പ്പെട്ടത്. ആന തട്ടിയ വിഷ്ണുവിനു ഗുരുതര പരിക്കേറ്റു. പ്രദേശത്ത് രാത്രി പരിശോധന നടത്തുകയായിരുന്ന വനപാലകരാണ് വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്.
വനം വകുപ്പിന്റെ ജീപ്പില്‍ മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. വിഷ്ണുവിന്റെ കുടുംബത്തിന് സമാശ്വാസ ധനത്തിന്റെ ആദ്യഗഡുവായി അഞ്ചു ലക്ഷം രൂപ അടുത്ത ദിവസം കൈമാറുമെന്ന് വനം അധികൃതര്‍ അറിയിച്ചു. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് പൊളന്ന. വിഷ്ണു അവിവാഹിതനാണ് . സഹോദരങ്ങള്‍: അപ്പു, അജേഷ്, രമണി.