കർണാടകയിൽ നേതൃമാറ്റ ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ്

06:04 PM Jul 02, 2025 | Neha Nair

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി മാറുമെന്ന ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ് ഹൈകമാൻഡ്. നിലവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റുന്നത് പാർട്ടിയുടെ ആലോചനയിലില്ലെന്ന് കർണാടക കോൺഗ്രസിൻറെ ചുമതല വഹിക്കുന്ന മുതിർന്ന നേതാവും രാജ്യസഭ അംഗവുമായ രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി.

സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട ഭിന്നതകൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സുർജേവാല ബംഗളൂരുവിലെത്തിയത്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായും എം.എൽ.എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയശേഷമാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. നേതൃമാറ്റം ഇപ്പോൾ പരിഗണനയിലില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിലെ ഒരുവിഭാഗം നേതൃമാറ്റത്തിനായി ശക്തമായി വാദിക്കുന്നതിനിടെയാണ് ഹൈകമാൻഡ് നിലപാട് വ്യക്തമാക്കിയത്.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, അഞ്ചു വർഷവും താൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. ‘ഞാനായിരിക്കും അഞ്ചുവർഷവും കർണാടക മുഖ്യമന്ത്രി, അതിലെന്താണ് സംശയം?’ -സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന പാർട്ടി അധ്യക്ഷൻ കൂടിയായ ശിവകുമാറും പ്രതികരിച്ചു.

നേതൃമാറ്റവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തുന്ന നേതാക്കൾക്ക് നോട്ടീസ് നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘എല്ലാവരും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്നെപ്പോലുള്ള നൂറുകണക്കിന് പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഞാൻ ഒറ്റക്കല്ല? ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവരെ കുറിച്ചാണ് നമ്മൾ ആദ്യം ചിന്തിക്കേണ്ടത്’ -ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യയെ പിന്തുണക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധാരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരം നടന്നിരുന്നു. പാർട്ടി നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നൽകി അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ ആദ്യഘട്ടം സിദ്ധാരമയ്യയും പിന്നീട് ശിവകുമാറും മുഖ്യമന്ത്രിമാരാകും എന്ന ധാരണയിൽ എത്തിയിരുന്നു എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.