
മന്ത്രി കെ ബി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. പൊതുപരിപാടിയില്‍ വെച്ചായിരുന്നു കൊട്ടാരക്കര വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അസീസിന്റെ പ്രസംഗം. അസീസിനെ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇന്നലെ വട്ടിക്കവലയില്‍ ചേര്‍ന്ന് അടിയന്തര പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം നിരപ്പില്‍- തലച്ചിറ റോഡ് ഉദ്ഘാടനം നടന്നിരുന്നു. ഈ വേദിയില്‍ വച്ചാണ് അസീസ് ഗണേഷ് കുമാറിനെ വീണ്ടും ജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്. പരിപാടിയിലെ ഉദ്ഘാടകനായിരുന്ന ഗണേഷ് കുമാര്‍ വേദിയിലിരിക്കെയായിരുന്നു അസീസിന്റെ പ്രസംഗം.
കഴിഞ്ഞ ഒരു വര്‍ഷമായി വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റാണ് അസീസ്. വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇന്നലെ തന്നെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി ജി ഉജ്വലകുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ തലച്ചിറ കോണ്‍ഗ്രസ് വാര്‍ഡിലെ സ്ഥാനം ബിജി നാസറിന് കൈമാറി. സംഭവത്തില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്കാന് അസീസിനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അസീസ് കുറച്ച് മാസങ്ങളായി കോണ്‍ഗ്രസ് നേതൃത്വവുമായി അത്ര രസത്തിലല്ലെന്നും കെ ബി ഗണേഷ് കുമാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.