+

ലൈംഗിക പീഡനത്തെ തുടര്‍ന്ന് സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച കോണ്‍ഗ്രസ് നേതാവിന് അഭിവാദ്യമര്‍പ്പിച്ച് അണികളുടെ ഫ്‌ളക്‌സ്, പീഡനത്തിന് പിന്തുണയുമായി പാര്‍ട്ടിയും

നെയ്യാറ്റിന്‍കരയില്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് സ്ത്രീ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരനായ ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിന് സംരക്ഷണമൊരുക്കി കോണ്‍ഗ്രസ് നേതൃത്വവും അണികളും.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് സ്ത്രീ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരനായ ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിന് സംരക്ഷണമൊരുക്കി കോണ്‍ഗ്രസ് നേതൃത്വവും അണികളും. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ജോസിന്റെ ഫ് ളക്‌സ് സ്ഥാപിച്ച് അണികള്‍ അഭിവാദ്യമര്‍പ്പിച്ചു.

തലസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ അനുയായിയുമായ ജോസ് ഫ്രാങ്ക്ളിനെതിരെ കാര്യമായ നടപടിയെടുക്കാന്‍ നേതൃത്വം തയ്യാറാകുന്നില്ല. ആത്മഹത്യാ കുറിപ്പില്‍ ഗൗരവമേറിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടും സസ്‌പെന്‍ഷനില്‍ ഒതുക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.

ഇയാളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്. സാമ്പത്തിക ഇടപാടുകളുള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നു. പലിശയ്ക്ക് പണം നല്‍കല്‍, ഗുണ്ടായിസം, സ്ത്രീകളെ ശല്യം ചെയ്യല്‍ എന്നീ പരാതികളും മുന്‍പ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. 2020 -ല്‍ നെയ്യാറ്റിന്‍കര സ്വദേശിയായ മറ്റൊരു യുവതിയുടെ മരണത്തിലും പങ്കുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു.

കുടുംബാംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മകന്‍ പറഞ്ഞു. ജോസ് ഫ്രാങ്ക്ളിന്റെ പിറകില്‍ വലിയൊരു ഗുണ്ടാസംഘമുണ്ട്. വെള്ളയും വെള്ളയും ഇട്ട് നടക്കുന്ന ഒരു പൊതുപ്രവര്‍ത്തകനായി തോന്നാമെങ്കിലും ഭയപ്പെടേണ്ട ആളാണ്. അത്രയേറെ പ്രതിസന്ധി നേരിട്ടതുകൊണ്ടാണ് സ്വയം മരണം തെരഞ്ഞെടുത്തത്. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മകന്‍ പറഞ്ഞു.
 

facebook twitter