പാലക്കാട് സമരം ചെയ്യുന്ന കോണ്‍ഗ്രസും ലീഗുകാരുമാണ് തിരുവനന്തപുരത്തെ റോഡിന് ഹെഡ്ഗേവാറിന്റെ പേരിടാന്‍ സഹായിച്ചത്

04:15 PM Apr 18, 2025 | Raj C

തിരുവനന്തപുരം: പാലക്കാട് നഗരസഭാ സ്ഥാപനത്തിന് ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്ഗേവാറിന്റെ പേരിടാനുള്ള ശ്രമത്തിനെതിരെ കോണ്‍ഗ്രസും മുസ്ലീം ലീഗും വലിയ പ്രക്ഷോഭം നടത്തുകയാണ്. എന്നാല്‍, തിരുവനന്തപുത്തെ ഒരു റോഡിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഹെഡ്‌ഗേവാറിന്റെ പേരിട്ടിരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ നഗരസഭ റോഡിന് (വാഴപ്പിള്ളി) ഹെഡ്ഗേവാറിന്റെ പേരിടാന്‍ അന്ന് കോര്‍പറേഷന്‍ കൗണ്‍സിലില്‍ പിന്തുണച്ചത് കോണ്‍ഗ്രസും മുസ്ലിം ലീഗുമാണ്.

1992-93ല്‍ കൗണ്‍സില്‍ യോഗത്തില്‍ റോഡിന് ഹെഡ്ഗേവാറിന്റെ പേര് നല്‍കണമെന്ന പ്രമേയം എം എസ് കുമാര്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷത്തായിരുന്ന സിപിഎം അംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗിന്റെ രണ്ട് അംഗങ്ങള്‍ കൂടി ബിജെപി പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഎമ്മിനെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോ.ലി.ബി. പിന്തുണയോടെ എം പി പത്മനാഭന്‍ മേയറായിരുന്ന കാലത്താണ്  സംഭവം.

എല്‍ഡിഎഫ് ഭരണകാലത്ത് ബിജെപി അംഗങ്ങള്‍ ഇതേ ആവശ്യവുമായി പ്രമേയം കൊണ്ടുവന്നെങ്കിലും അവതരണാനുമതി പോലും നല്‍കാതെ തള്ളുകയായിരുന്നു. സിപിഎം എതിര്‍പ്പിനെ അവഗണിച്ച് റോഡിന് ഹെഡ്ഗേവാറിന്റെ പേരിടാന്‍ സാധിച്ചത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പിന്തുണയിലാണെന്ന് അന്ന് പ്രമേയം അവതരിപ്പിച്ച ബിജെപിയിലെ എം എസ് കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ പാലക്കാട് ബിജെപി കൗണ്‍സിലിനെതിരെ നടത്തുന്നത് വ്യാജ സമരമാണെന്നാണ് ബിജെപിയുടെ ആരോപണം. നേരത്തെ ഇതേ വ്യക്തിയുടെ പേരിടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ സമരം നടത്തുന്നതെന്നും ബിജെപി പരിഹസിക്കുന്നു.