+

ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

മുംബൈയില്‍ വികസനം നാടിനാവശ്യമായ രീതിയില്‍ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം. മഹാ വികാസ് അഘാഡി സഖ്യം തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല. ശിവസേന ഉദ്ദവ് താക്കറെ, എന്‍സിപി അജിത് പവാര്‍ വിഭാഗങ്ങളുമായി സഖ്യമുണ്ടാകില്ലെന്ന് മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന രമേശ് ചെന്നിത്തല വ്യക്തമാക്കി. മുംബൈയില്‍ നടന്ന അഴിമതിയും ഭരണ പരാജയങ്ങളും വ്യക്തമാക്കുന്ന പ്രകടന പത്രിക ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.


മുംബൈയില്‍ വികസനം നാടിനാവശ്യമായ രീതിയില്‍ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മുംബൈ നിവാസികളെ നേരിട്ട് ബാധിക്കുന്ന പ്രാദേശിക വിഷയങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അഴിമതി, മലിനീകരണം, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ വികസനത്തിന്റെ അപര്യാപ്തതയിലും ഊന്നി നിന്നാവും പ്രചാരണമെന്നും അദ്ദേഹം മുംബൈയില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം വ്യക്തമാക്കി.

ബിഎംസിയിലേക്കും മറ്റ് 28 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ജനുവരി 15 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നാല് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന തെരഞ്ഞെടുപ്പാണ് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കുന്നത്.

facebook twitter