സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായുണ്ടായ അപമാനം ; യുവാവ് ആത്മഹത്യ ചെയ്തു

11:30 AM Nov 07, 2025 | Renjini kannur

ജല്‍ന: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായുണ്ടായ അപമാനം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലാണ് സംഭവം. 27-കാരനായ മഹേഷ് അഡെയാണ് ജീവനൊടുക്കിയത്. ബുധനാഴ്ച കിണറ്റില്‍ ചാടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

മഹേഷും സുഹൃത്തും പൊതുവിടത്തില്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മദ്യലഹരിയില്‍ ചെയ്തതായി ആരോപിച്ചുകൊണ്ടാണ് വീഡിയോ പ്രചരിച്ചത്.

ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും ഇത് വഴിവെച്ചിരുന്നു. ഇരുവരെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മഹേഷും സുഹൃത്തും ക്ഷമാപണം നടത്തി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും ഭീഷണി തുടര്‍ന്നു. മാനസിക സമ്മര്‍ദ്ദവും അപമാനവും സഹിക്കാന്‍ കഴിയാതെയാണ് മഹേഷ് അഡെ ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.