+

തളിപ്പറമ്പ് നഗരസഭയിലെ സ്ക്രാപ്പ് വിൽപ്പനയിൽ അഴിമതി; വിജിലൻസ് പരിശോധന... അന്വേഷണം ഉന്നതരിലേക്കും... ?

തളിപ്പറമ്പ് നഗരസഭയിൽ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ്റെ ഭാഗമായി സ്ക്രാപ്പുകൾ വിൽപ്പന നടത്തിയതിൽ ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ച ഉണ്ടായതുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന നടന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ്റെ ഭാഗമായി സ്ക്രാപ്പുകൾ വിൽപ്പന നടത്തിയതിൽ ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ച ഉണ്ടായതുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന നടന്നു.

 2024 ജൂലൈയിൽ നടത്തിയ സ്ക്രാപ്പ് വിൽപ്പനയിൽ അഴിമതി നടന്നുവെന്ന പരാതിയിലാണ് ശനിയാഴ്ച്ച വിജിലൻസ് പരിശോധന നടന്നത്. വിജിലൻസ് ഇൻസ്പെക്ടർ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ഫയൽ സംബന്ധമായ വിവരങ്ങൾ ആണ് പരിശോധിച്ചത്.

 സ്ക്രാപ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നു എന്ന പരാതിയിൽ കഴമ്പുണെന്ന് പരിശോധനയിൽ കണ്ടെത്തിയതായാണ് വിവരം. സ്ക്രാപ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി നേരിട്ട് അന്വേഷിച്ച തദ്ദേശ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ക്രമക്കേട് കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു.

 സൂപ്പർ ന്യൂമറി തസ്തികയിൽ ജോലി ചെയ്യുന്ന സെക്ഷൻ ക്ലാർക്ക് വി.വി ഷാജിയെ സസ്പെൻഡ് ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥൻ നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോൾ കേരളോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് വൗച്ചർ സമർപ്പിച്ച് ചെലവ് ക്രമീകരിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. നിർവ്വഹണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച്ച സംഭവിച്ചതായും സ്ക്രാപ്പ് വിൽപ്പനയ്ക്ക് ചെയർപേഴ്സൺ നൽകിയ മുൻകൂർ അനുമതി കൗൺസിൽ യോഗത്തിൽ വച്ച് ക്രമവൽക്കരിക്കാത്തതും വലിയ വീഴ്ച്ചയാണെന്ന് കണ്ടെത്തിയിരുന്നു.

Corruption-in-scrap-sales-in-Taliparamba-Municipality-Vigilance-inspection.jpg

പരാതിയിൽ ഇന്നലെ നടന്ന പ്രാഥമിക പരിശോധനയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ഫയലുകളുടെ പകർപ്പും വിജിലൻസ് ഇൻസ്പെക്ടർ സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ ശ്രീജിത്ത്, സജിത്ത് എന്നിവരുൾപ്പെട്ട സംഘം ശേഖരിച്ചിട്ടുണ്ട്.

അടുത്ത ഘട്ടത്തിൽ ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടക്കുമ്പോൾ സ്ക്രാപ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ഭരണാധികാരികളും ഉൾപ്പെടുമെന്നാണ് സൂചന. 

നിലവിൽ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പെടെ വിജിലൻസിൻ്റെ അന്വേഷണത്തിൽ ഉൾപ്പെടുമെന്നും സൂചനയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ നടക്കുന്ന വിജിലൻസ് അന്വേഷണം ചർച്ചയായി മാറിയിരിക്കുകയാണ്. 

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി ഒരു കൗൺസിൽ യോഗം കൂടി നടക്കുമെന്നാണ് കണക്കുകൂട്ടൽ. യോഗത്തിൽ വിജിലൻസ് അന്വേഷണമാകും  ഭരണപക്ഷത്തിനെതിരെയുള്ള പ്രതിപക്ഷ ആയുധം.

Trending :
facebook twitter