തൃശൂർ: ഗ്യാസ് ചോർന്നതിനെ തുടർന്ന് തീ പിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ വീട്ടമ്മ മരിച്ചു. വെള്ളാങ്കല്ലൂർ എരുമത്തടം ഫ്രണ്ട്‌സ് ലൈനിൽ തൃക്കോവിൽ വീട്ടിൽ രവീന്ദ്രൻ ഭാര്യ ജയശ്രീ (62) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടമുണ്ടായത്. വീടിനുള്ളിലെ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിൽനിന്നാണ് ചോർച്ച സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
ഗ്യാസ് സിലിണ്ടർ അടുക്കളയ്ക്ക് പുറത്താണ് സ്ഥാപിച്ചിരുന്നത്. വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ സമീപവാസികളാണ് വീടിനുള്ളിൽനിന്നും ഇവരെ പുറത്തെത്തിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് മരണം സംഭവിച്ചത്. എല്ലാ മുറികളിലേക്കും തീ പടർന്ന് വീട്ടുപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും മറ്റും കത്തിനശിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ രവീന്ദ്രൻ എറണാകുളം മെഡിക്കൽ സെന്ററിൽ ചികിൽസയിലാണ്. സംസ്‌കാരം പിന്നീട്. മക്കൾ: സൂരജ് (എസ്.ബി.ഐ. ബാങ്ക്, വള്ളിവട്ടം), ശ്രീരാജ്. മരുമക്കൾ: ഹിമ (എസ്.ബി.ഐ. ബാങ്ക്, ഇരിങ്ങാലക്കുട), പാർവതി.