മരുമകളെ കൊന്ന് ചാക്കിലാക്കി ഭര്‍തൃ മാതാവും പിതാവും. പഞ്ചാബിലെ ലുധിയാനയിലാണ് ക്രൂര കൊലപാതകം. മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ വിവരമറിയിച്ചത്.
പഞ്ചാബിലെ ലുധിയാനയിലാണ് 30 കാരിയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളിയത്. ഉത്തര്‍ പ്രദേശ് സ്വദേശിനിയായ രേഷ്മയാണ് കൊല്ലപ്പെട്ടത്. ഭര്‍തൃപിതാവ് കൃഷന്‍, ഭര്‍തൃമാതാവ് ദുലരി, ബന്ധു അജയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍തൃവീട്ടുകാര്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ചാക്കില്‍ ആക്കി റോഡ് അരികില്‍ ഉപേക്ഷിച്ചു.
നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ചാക്കില്‍ അഴുകിയ മാങ്ങയാണെന്നും ചത്ത നായയാണെന്നും പ്രതികള്‍ നാട്ടുകാരോട് പറഞ്ഞു. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ ചാക്ക് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രേഷ്മ വീട്ടുകാരുടെ സമ്മതമില്ലാതെ രാത്രി പുറത്തുപോയി വൈകി വരുന്നതില്‍ ഭര്‍തൃ മാതാപിതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.