നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

10:00 AM May 21, 2025 |


കൊച്ചി : നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ അന്തിമ വാദം വേനലവധിക്ക് മുമ്പ് പൂർത്തിയായിരുന്നു. എന്നാൽ പ്രതിഭാഗം അന്തിമവാദം സംബന്ധിച്ച് കൂടുതൽ മറുപടി നൽകാൻ ഉണ്ടെന്നും സമയം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സമയം അനുവദിച്ചാൽ ഏതാനും ദിവസങ്ങൾ കൂടി പ്രോസിക്യൂഷന് തങ്ങളുടെ ഭാഗം അവതരിപ്പിക്കാനാകും. ഇതിന് ശേഷമാകും വിധി പ്രഖ്യാപനം സംബന്ധിച്ച തിയ്യതി തീരുമാനിക്കുക.

ഏഴ് വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് നടിയെ ആക്രമിച്ച കേസിൽ അടുത്തിടെ വാദം പൂർത്തിയായത്. എട്ടാം പ്രതി ദിലീപിന്റേത് ഉൾപ്പെടെയുളള പ്രതിഭാഗം വാദമാണ് ആദ്യം പൂർത്തിയായത്. പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂർത്തിയാക്കി. കേസിൽ നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തളളിയിരുന്നു.