ഹൈദരാബാദ് : തെലങ്കാനയിൽ തൊഴുത്ത് പൊളിച്ചതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി കോൺഗ്രസ് എംഎൽഎയുടെ ഓഫീസിന് പുറത്ത് ക്ഷീര കർഷകരായ ദമ്പതികൾ എരുമകളെ കെട്ടി. കോൺഗ്രസ് എംഎൽഎ ഗണ്ട്ര സത്യനാരായണയുടെ ക്യാംപ് ഓഫീസിന് പുറത്താണ് സംഭവം.
വെശലപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള കൂരകുല ഒഡേലു, ലളിത ദമ്പതികളുടേതാണ് പ്രതിഷേധം. എംഎൽഎ നിർദേശിച്ചിട്ടാണ് ഉദ്യോഗസ്ഥർ തൊഴുത്ത് പൊളിച്ചതെന്നാണ് ഇവരുടെ വാദം. ഒരു രൂപ പോലും വാങ്ങാതെയാണ് ഞങ്ങൾ അദ്ദേഹത്തെ വോട്ട് ചെയ്ത് ജയിപ്പിച്ചത്. ഇതാണോ അതിനുള്ള പ്രതിഫലമെന്നും ദമ്പതികൾ ചോദിക്കുന്നു.
പുതിയ തൊഴുത്ത് നിർമിച്ചുതരാതെ എംഎൽഎ ഓഫീസിൽ നിന്ന് എരുമകളെ കൊണ്ടുപോകില്ലെന്ന നിലപാടിലാണ് കർഷകർ. തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ, ആന്ധ്രയിലെ എൻഡിഎ സർക്കാരിൻ്റെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് തുടരുന്നതെന്നും ആരോപിച്ച് നേരത്തെ ബിആർഎസ് നേതാവ് ചന്ദ്രശേഖർ റാവു രംഗത്ത് വന്നിരുന്നു. പുതിയ സംഭവം പ്രതിപക്ഷം ആയുധമാക്കാനാണ് സാധ്യത.