
കൊച്ചി: മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് റിപ്പോര്‍ട്ടര്‍ ടിവി. ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സ്ഥാനത്തേക്ക് മാറിയപ്പോള്‍ ട്വന്റിഫോര്‍ ന്യൂസാണ് മൂന്നാം സ്ഥാനത്തുള്ളത്.
മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് റിപ്പോര്‍ട്ടറിന്റെ മുന്നേറ്റം. റിപ്പോര്‍ട്ടര്‍ ടിവി 191 പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് 153 പോയിന്റുകളാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള ട്വന്റിഫോര്‍ ന്യൂസിന്റെ റേറ്റിങ് 125 ആണ്.
നാലാം സ്ഥാനത്തുണ്ടായിരുന്ന മനോരമ ന്യൂസ് അഞ്ചാം സ്ഥാനത്തേക്ക് വീണു. 61 പോയിന്റുമായി മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്ത് കയറി. 58 പോയിന്റുമായി മനോരമ ന്യൂസ് പിന്നിലായി. 42 പോയിന്റുമായി കൈരളി ന്യൂസ് ആറാമതും 33 പോയിന്റുമായി ന്യൂസ് മലയാളം ഏഴാം സ്ഥാനത്തുമാണളളത്.
എട്ടും ഒന്‍പതും സ്ഥാനങ്ങള്‍ യഥാക്രമം ന്യൂസ് 18 കേരള, മീഡിയ വണ്‍ എന്നീ ചാനലുകളാണ്. ബാര്‍ക്ക് റേറ്റിങ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. നേരത്തെ നാല് ആഴ്ചകളിലെ ആവറേജ് പോയിന്റുകളാണ് ബാര്‍ക്ക് കണക്കായിരുന്നത്. അതില്‍ മാറ്റം വരുത്തി ഇപ്പോള്‍ ഓരോ ആഴ്ചയിലേയും കണക്കുകളാണ് പുറത്തുവിടുന്നത്.