തൃശൂർ: മാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുല്ലൂർ തുറവൻകാട് സ്വദേശി തേക്കൂട്ട് വീട്ടിൽ സനീഷ് (38), പുല്ലൂർ തുറവൻകാട് സ്വദേശി മരോട്ടിച്ചോട്ടിൽ വീട്ടിൽ അഭിത്ത് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 29ന് രാത്രി പുല്ലൂർ വില്ലേജ് ഗാന്ധിഗ്രാം സ്വദേശി എലമ്പലക്കാട്ട് വീട്ടിൽ അനിത് കുമാറിനെ (50) ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അനിത് കുമാർ റോഡിലൂടെ അസഭ്യം പറഞ്ഞ് പോകുന്നത് കണ്ട് സനീഷ് ചോദ്യം ചെയ്യുകയും ഇരുവരും വാക്കു തർക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യത്താൽ പ്രതികളായ സനീഷും അഭിത്തും അനിത് കുമാറിനെ അന്വേഷിച്ച് തുറവൻകാടുള്ള വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ച് കയറി ചെന്നിരുന്നു.
അനിത് കുമാറിന്റെ അമ്മയോട് ചോദിച്ചപ്പോൾ വീട്ടിലില്ലെന്ന മറുപടിയാണ് കിട്ടിയത്. തുടർന്ന് പ്രതികൾ അമ്മയോട് അവനെ കിട്ടിയാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. രാത്രി ഗാന്ധിഗ്രാം എൻ.എസ്.എസ്. കരയോഗത്തിന് സമീപം വച്ചാണ് പ്രതികൾ അനിത് കുമാറിനെ അടിച്ചും ഇടിച്ചും ചവിട്ടിയും ആക്രമിച്ച് പരുക്കേൽപ്പിച്ചത്. സംഭവത്തിൽ ഗുരുതര പരുക്കേറ്റ അനിത് കുമാർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്.
സനീഷ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലെ പ്രതിയാണ്. അഭിത്ത് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും മദ്യലഹരിയിൽ മറ്റൊരാളുടെ ജീവന് അപകടം വരത്ത വിധം അശ്രദ്ധമായി വാഹനമോടിച്ച കേസിലും പ്രതിയാണ്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം.എസ്, സബ് ഇൻസ്പെക്ടർമാരായ പ്രിജു, സോജൻ, റാഫി, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്, രഞ്ജിത്ത്, അൻവറുദ്ദീൻ, ഗോപകുമാർ, സതീശ്, അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.