+

മലയാള സിനിമ മണ്ണിലുറച്ചു നിന്നു : മുഖ്യമന്ത്രി

മലയാള സിനിമ മണ്ണിലുറച്ചു നിന്നു : മുഖ്യമന്ത്രി

സാമൂഹിക പ്രതിബദ്ധയോടെ മണ്ണിലുറച്ച് നിന്ന് പുരോഗമന സ്വഭാവം പുലർത്തിയ ചരിത്രവും വർത്തമാനവുമാണ് മലയാള സിനിമയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'നല്ല സിനിമ, നല്ല നാളെ' - കേരള ഫിലിം പോളിസി കോൺക്ലേവ് നിയമസഭ ശങ്കര നാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പുരാണകഥകൾ പറഞ്ഞ് കാണിയെ സ്വപ്നസ്വർഗങ്ങളിലേക്കുയർത്തുന്നതിൽ മലയാള സിനിമ ഒതുങ്ങിയില്ല. മലയാള സിനിമയുടെ സർവതലസ്പർശിയായ വളർച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഫിലിം പോളിസി കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.  മറ്റു പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീർന്ന കേരളത്തിന്റെയും, മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കോൺക്ലേവും.

1928 നവംബർ 7 ന് തിരുവനന്തപുരം കാപ്പിറ്റോൾ തിയേറ്ററിൽ പ്രദർശിപ്പിച്ച ജെ സി ഡാനിയേലിന്റെ 'വിഗതകുമാര'നിൽ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത്. ആ തിരുവനന്തപുരം തന്നെ ഇത്തരമൊരു ഉദ്യമത്തിനും വേദിയാകുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. 'വിഗതകുമാരൻ' പ്രദർശിപ്പിക്കപ്പെട്ടതിനെ തുടർന്നുള്ള ഘട്ടങ്ങളിൽ അതിവേഗത്തിലുള്ള വളർച്ചയ്ക്കും വികാസത്തിനും മലയാള സിനിമ സാക്ഷ്യം വഹിച്ചു. 1927 ൽ 'ജാസ് സിംഗർ' എന്ന അമേരിക്കൻ ചിത്രത്തിലൂടെ ലോകസിനിമ സംസാരിച്ചു തുടങ്ങി കേവലം 11 വർഷം പിന്നിട്ടപ്പോൾ 'ബാലൻ' എന്ന ശബ്ദസിനിമ മലയാളത്തിലുണ്ടായി. കഴിഞ്ഞ ഒമ്പത് ദശകക്കാലത്തിനുള്ളിൽ കേരളം എന്ന ദേശത്തെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്താൻ മലയാള സിനിമയ്ക്കും ഇവിടുത്തെ ചലച്ചിത്ര പ്രതിഭകൾക്കും കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ മലയാള സിനിമ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഉയർന്ന സാക്ഷരത മാത്രമല്ല, ഉയർന്ന ദൃശ്യസാക്ഷരതയും ഉന്നതമായ ചലച്ചിത്ര ആസ്വാദനശേഷിയുമുള്ള നാടായി നമ്മുടെ കേരളം വിലയിരുത്തപ്പെടുന്നത്.

കേരളത്തിന്റെ സാമൂഹിക പുരോഗതിയ്ക്കുവേണ്ട സാംസ്‌കാരിക ഊർജം പകരുന്നതിൽ മലയാള സിനിമ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ പല ഭാഷകളിലെയും സിനിമകൾ അതിന്റെ ശൈശവദശയിൽ പുരാണകഥകൾ പറഞ്ഞപ്പോൾ മലയാള സിനിമ ആദ്യ സിനിമയായ 'വിഗതകുമാരനി'ലും ആദ്യ ശബ്ദസിനിമയായ 'ബാലനി'ലും സാമൂഹികപ്രസക്തമായ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. സ്വാധീനശക്തി കൂടിയ ബഹുജനമാധ്യമം എന്ന നിലയ്ക്ക് ഒരു പ്രബുദ്ധകേരളം പടുത്തുയർത്തുന്നതിൽ സിനിമയ്ക്ക് നിർണായകമായ പങ്കു വഹിക്കാനുണ്ടായിരുന്നു.

വിവിധ നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുനിന്നിരുന്ന മലയാളികൾ ഒരൊറ്റ ഭാഷാദേശീയതയായി ഐക്യപ്പെടുന്നത് അമ്പതുകളിലാണ്. വിവേചനങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ നിലകൊണ്ട നവോത്ഥാന പുരോഗമന പ്രസ്ഥാനവും അധിനിവേശത്തിനെതിരെ പൊരുതിയ ദേശീയ പ്രസ്ഥാനവുമാണ് മലയാളസിനിമയുടെ ആദ്യകാല ആശയമണ്ഡലത്തെ സ്വാധീനിച്ചത്. അവശ വിഭാഗങ്ങളോടുള്ള അനുകമ്പയും എല്ലാവിധ അടിച്ചമർത്തലുകൾക്കും അനീതിക്കും എതിരായ പൊതുബോധവും ആ കാലഘട്ടത്തിലെ സിനിമ പ്രതിഫലിപ്പിച്ചുപോന്നു. അങ്ങനെ അമ്പതുകൾ മുതൽ തന്നെ മലയാള സിനിമ അതിന്റെ സാമൂഹികപ്രതിബദ്ധത വ്യക്തമാക്കി. 'നവലോകം', 'നീലക്കുയിൽ', 'ന്യൂസ് പേപ്പർ ബോയ്', 'രാരിച്ചൻ എന്ന പൗരൻ' തുടങ്ങിയ അൻപതുകളിലെ സിനിമകൾ അതിനുള്ള ഉദാഹരണങ്ങളാണ്.

മലയാള സിനിമയ്ക്ക് ദേശീയതലത്തിൽ ആദ്യ ബഹുമതി നേടിക്കൊടുത്തത് 1954 ൽ പി ഭാസ്‌കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത 'നീലക്കുയിൽ' ആണ്. 1965 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ 'ചെമ്മീൻ' ദക്ഷിണേന്ത്യയിൽ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ചിത്രമായിരുന്നു. പിന്നീട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ആധിപത്യം പുലർത്തുന്ന പ്രാദേശികഭാഷാ സിനിമയായി മലയാളം മാറി.

ഇന്ത്യൻ നവതരംഗ സിനിമയുടെ പതാകാവാഹകരായ അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും ദേശീയ, അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയുടെ യശസ്സുയർത്തി. ഷാജി എൻ കരുണിന്റെ 'പിറവി' 70 ഓളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു. നാല് മലയാളികൾ മുഖ്യവേഷങ്ങളിൽ അഭിനയിച്ച മലയാളഭാഷയിലുള്ള 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' എന്ന ചിത്രം കഴിഞ്ഞ വർഷം കാൻ മേളയിൽ ഗ്രാന്റ് പ്രി പുരസ്‌കാരം നേടുകയുണ്ടായി.

കലാമൂല്യം കൊണ്ടുമാത്രമല്ല, വാണിജ്യമൂല്യം കൊണ്ടും മലയാള സിനിമ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. 1951 ലെ 'ജീവിതനൗക'യാണ് മലയാളത്തിലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം. 1960 കൾ വരെ പത്തിൽ താഴെ സിനിമകൾ മാത്രമേ പ്രതിവർഷം മലയാളത്തിൽ നിർമ്മിക്കപ്പെട്ടിരുന്നുള്ളൂ. 1965 ഓടെ പ്രതിവർഷം 30 ൽപ്പരം സിനിമകൾ നിർമ്മിക്കുന്ന ഇൻഡസ്ട്രിയായി മലയാളം മാറി. 1978 ലാണ് മലയാള സിനിമകളുടെ എണ്ണം നൂറ് കടന്നത്. ആ വർഷം 125 സിനിമകൾ നിർമ്മിക്കപ്പെട്ടു.

2010 നുശേഷം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനത്തോടെ പ്രതിവർഷം 200 ൽപ്പരം സിനിമകൾ മലയാളത്തിൽ നിർമ്മിക്കപ്പെടുന്നുണ്ട്. കോവിഡ് മലയാളസിനിമയെ പ്രതിസന്ധിയിലാക്കിയ 2020 ൽപ്പോലും നൂറിൽപ്പരം സിനിമകൾ സെൻസർ ചെയ്യപ്പെട്ടിരുന്നുവെന്നത് ശ്രദ്ധേയമാണ്. കോവിഡ് കാലത്ത് തിയേറ്ററുകൾ അടഞ്ഞുകിടന്നപ്പോൾ ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ എന്ന പുതിയ തിരശ്ശീലയുടെ സാധ്യതകൾ മലയാള സിനിമ ഫലപ്രദമായി ഉപയോഗിച്ചു. മലയാള സിനിമയെ അടിസ്ഥാനമാക്കി, 'ബോളിവുഡ് അല്ല ഇന്ത്യൻ സിനിമയുടെ ദ്രുതകർമ്മസേന'യെന്ന് ഗാർഡിയൻ പത്രം എഴുതി.

2024 ൽ 234 സിനിമകളാണ് മലയാളത്തിൽ സെൻസർ ചെയ്യപ്പെട്ടത്. സെൻസർ സർട്ടിഫിക്കറ്റിനായി സമർപ്പിക്കപ്പെടാത്ത സ്വതന്ത്ര സിനിമകളുടെ എണ്ണം ഇതിനുപുറമെയാണ്. ഇന്ത്യൻ സിനിമയുടെ 2024 ലെ മൊത്തം ഗ്രോസ് കളക്ഷന്റെ 20 ശതമാനവും മലയാള സിനിമയുടെ സംഭാവനയാണ് എന്ന് ചലച്ചിത്രവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അന്യസംസ്ഥാനങ്ങളിലും മലയാളസിനിമ വലിയ വിപണിവിജയം നേടിയ വർഷമായിരുന്നു 2024. 2025 ലും വലിയ പ്രദർശനവിജയം കൊയ്ത മലയാള സിനിമകൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ നമ്മുടെ സാമൂഹിക - സാമ്പത്തിക രംഗവുമായി ഇഴചേർന്നുകിടക്കുന്ന മലയാള സിനിമാലോകത്തെ, കാലത്തിനൊത്ത് നവീകരിക്കേണ്ടതും വിപുലീകരിക്കേണ്ടതും ഏറെ അനിവാര്യമാണ്. അതിനുതകുന്ന ഒരു ചുവടുവെയ്പ്പാണ് ഈ കോൺക്ലേവ്.

മലയാള സിനിമയുടെ ചരിത്രപരമായ മഹത്വത്തെക്കുറിച്ച് ഓർക്കുന്ന വേളയിൽ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. അത് ഈ മഹത്വത്തെ ഇടിച്ചു തകർക്കാൻ ചിലർ ഇപ്പോൾ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ്. ഇന്നലെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങൾക്ക് അർഹമായവയിലുണ്ട്. ഏതെങ്കിലും തരത്തിൽ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാനാവില്ല. മറിച്ച് വർഗീയ വിദ്വേഷം പടർത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്നവർക്കുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാൻ കഴിയൂ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീർത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീർത്തും ദൗർഭാഗ്യകരമാണ്.

ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്‌കാരിക പൈതൃകം കൂടിയാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നത്.കലയെ വിലയിരുത്തുന്നതിന് കലയ്ക്ക് അപ്പുറമുള്ള മാനദണ്ഡങ്ങൾ ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കേണ്ടതാണ്. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർത്ത്, അതിനെ വർഗീയത കൊണ്ട് പകരം വയ്ക്കുന്നതിന് വേണ്ടി കലയെ ഉപയോഗിക്കണം എന്നുള്ള സന്ദേശമാണ് ഇതിന് പിന്നിലുള്ളത്. കേരളത്തിലെ സാംസ്‌കാരിക സമൂഹം വിശേഷിച്ച് ചലച്ചിത്ര സമൂഹം ദുരുപദിഷ്ടമായ ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം. കേരളത്തെ ഇത്തരത്തിൽ വികലമായി ചിത്രീകരിക്കുന്നതിനെതിരെ കേരളത്തിന്റെ ചലച്ചിത്രപൊതുബോധം ഒന്നാകെ ഉണരേണ്ടതുണ്ട്. നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും വിധ്വംസകമായി അവതരിപ്പിക്കുന്നതിന് അറുതി വരുത്തേണ്ടതുണ്ട്. മലയാള സിനിമ മഹത്വമാർജിച്ചത് അത് മണ്ണിനോടും മനസ്സിനോടും മാനവികതയോടും മതനിരപേക്ഷ ജീവിതക്രമത്തോടും ചേർന്നുനിന്നതുകൊണ്ടാണ്. ആ അടിത്തറയ്ക്കു നേർക്കാണ് ആക്രണമുണ്ടാവുന്നത്.

ദേശീയ അവാർഡിന് അർഹമായ ഈ ചിത്രം വ്യാജ നിർമിതികൾ കൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ലോകമാകെ അറിയപ്പെടുന്ന കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഓരോ ഘട്ടത്തിലും കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്. അങ്ങനെയൊരു ഘട്ടത്തിലാണ് അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയും പരസ്പരസ്പർദ്ധ വളർത്താനായി ഉപയോഗിക്കുകയും ചെയ്യുന്നത്. ഇത്തരം പ്രവണതകൾ തീർച്ചയായും ചലച്ചിത്ര ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടണം.

കേരളത്തിൽ നിന്നുള്ള ശ്രേഷ്ഠരായ ചില കലാകാരന്മാരും കലാകാരികളും ദേശീയ അവാർഡുകളിലൂടെ അംഗീകരിക്കപ്പെട്ടു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അവരെ അഭിനന്ദിക്കാനും ഈ അവസരം വിനിയോഗിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം കേരള ചലച്ചിത്ര രംഗത്തിന് അർഹമായ തോതിലുള്ള അംഗീകാരം ലഭിച്ചില്ല  എന്നതും ഈ കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടണം.

ചലച്ചിത്ര രംഗത്ത് ധാരാളം സംഘടനകൾ ഇപ്പോഴുണ്ട്. സ്വാഭാവികമായും നേതൃതല മത്സരങ്ങളുമുണ്ടാവും. ഈ ഇൻഡസ്ട്രി നിലനിന്നാലേ തങ്ങൾ ഉള്ളു എന്ന ബോധത്തോടെ ഈഗോ മാറ്റിവെച്ച് പ്രശ്നങ്ങളുടെ പരിഹാരത്തിനായി എല്ലാവരും പ്രവർത്തിക്കേണ്ടതുണ്ട്. മലയാള ചലച്ചിത്ര മേഖലയുടെ വികസനത്തിനായി സർക്കാർ തലത്തിലെ ആദ്യ ഇടപെടൽ ഉണ്ടാവുന്നത് 1967 ലെ ഇ എം എസ് സർക്കാരിന്റെ കാലത്താണ്. ചലച്ചിത്ര വ്യവസായത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ പരമാവധി നടപടി സ്വീകരിക്കുമെന്ന് അന്നത്തെ വ്യവസായ നയത്തിൽ പറഞ്ഞിരുന്നു. തുടർന്ന് 1968 ൽ സിനിമയെ ചെറുകിട വ്യവസായങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ അനുവദിച്ചു.

1975 ജൂലൈ 23 നാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായത്. 1980 ജൂൺ 29 ന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. മദ്രാസിലുള്ള മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടുകയായിരുന്നു പ്രധാന ലക്ഷ്യം. അതിനായി പ്രത്യേക സബ്സിഡി സർക്കാർ അനുവദിക്കുകയും ചെയ്തു. സർക്കാർ തലത്തിൽ ആദ്യമായി തിയേറ്റർ തുടങ്ങുന്നത് 1985 ലാണ്. തിരുവനന്തപുരത്ത് കലാഭവൻ സ്ഥാപിതമായതിനുശേഷം 1988, 90 വർഷങ്ങളിലായി തിരുവനന്തപുരത്തും കോഴിക്കോടും കൈരളി, ശ്രീ തിയേറ്റർ സമുച്ചയങ്ങൾ തുടങ്ങി. ഇതിന്റെയെല്ലാം തുടർച്ചയാണ് കഴിഞ്ഞ എൽ ഡി എഫ് സർക്കാരും ഈ സർക്കാരും ഏറ്റെടുക്കുന്നത്.

2019-20 സാമ്പത്തിക വർഷത്തിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വനിതകൾക്ക് സിനിമാ നിർമ്മാണത്തിന് ധനസഹായം നൽകുന്ന പദ്ധതി ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു സ്ത്രീശാക്തീകരണ പദ്ധതി ചലച്ചിത്രമേഖലയിൽ ആരംഭിക്കുന്നത്. ഈ പദ്ധതി പ്രകാരം ഒന്നരക്കോടി രൂപാ വീതം രണ്ട് വനിതകൾക്ക്  ധനസഹായം അനുവദിച്ചുവരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട 'നിഷിദ്ധോ', 'ബി 32 മുതൽ 44 വരെ' എന്നീ സിനിമകൾ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ഏറ്റവുമൊടുവിൽ ചിത്രീകരണം പൂർത്തിയായ 'മുംമ്ത' എന്ന ചിത്രത്തിന്റെ സാങ്കേതിക വിഭാഗം മുഴുവൻ കൈകാര്യം ചെയ്യുന്നത് വനിതകളാണ്. ഇന്ത്യയുടെ ചലച്ചിത്രചരിത്രത്തിൽ തന്നെ ആദ്യമായാണ് സ്ത്രീകളുടെ മാത്രം മേൽനോട്ടത്തിൽ പൂർത്തിയാവുന്ന ഒരു സിനിമ സർക്കാർ തലത്തിൽ നിർമ്മിക്കുന്നത്. കഴിഞ്ഞ മാസം നടന്ന 27-ാമത് ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മികച്ച നടിക്കുള്ള പുരസ്‌കാരം നേടുകയും ചെയ്ത 'വിക്ടോറിയ' എന്ന ചിത്രം ഈ സർക്കാർ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ടതാണ്. 2021 മുതൽ എസ് സി, എസ് ടി വിഭാഗങ്ങളിൽപ്പെട്ടവർക്കും ചലച്ചിത്രനിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം നൽകിവരുന്നു.

ഇന്ത്യയിൽ ആദ്യമായി സർക്കാർ തലത്തിൽ നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതും നമ്മുടെ  കേരളത്തിലാണ്. 1998 ആഗസ്റ്റ് 17 ന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ ആണ് ചലച്ചിത്ര അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ടി കെ രാമകൃഷ്ണൻ ആയിരുന്നു അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി. ഇന്ത്യൻ സിനിമയുടെ ഗുണകരമായ മാറ്റത്തിനായി 1980 ൽ ശിവരാമ കാരന്ത് കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച നടപടികളുടെ ഫലമായിരുന്നു ഇത്.

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ഉയർന്ന കലാമൂല്യമുള്ള സിനിമകളുടെ പ്രോത്സാഹനത്തിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്തുത്യർഹമായ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ അംഗീകാരമുള്ള ചലച്ചിത്രമേളയായ ഐ എഫ് എഫ് കെ 29 പതിപ്പുകൾ പൂർത്തിയാക്കി, പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ മികവുകൊണ്ടും ഇന്ത്യയിലെ ഏറ്റവും മികച്ച മേളയെന്ന ഖ്യാതി നേടി. സിനിമകളിൽ ഒരു നിയന്ത്രണവുമില്ലാത്ത നിലയിൽ വയലൻസ് കടന്നുവരുന്നതായി കരുതുന്നവരുണ്ട്. പ്രതീകാത്മകമായി അവതരിപ്പിക്കുമ്പോഴാണ് എന്തും കലാത്മകമാവുക. ഇക്കാര്യം ചലച്ചിത്ര സംവിധായകർ ഓർമ്മവെക്കുന്നതു കൊള്ളാം. അതിഭീകര വയലൻസിന്റെ ദൃശ്യങ്ങൾ കുഞ്ഞുങ്ങളുടെ മനോഘടനയെപ്പോലും വികലമാക്കും.

മയക്കുമരുന്നിനെയും രാസലഹരിയെയും മഹത്വവത്ക്കരിക്കുന്ന ചിത്രങ്ങൾ കൂടുതലായി ഉണ്ടാവുന്നതായി കരുതുന്നവരുമുണ്ട്. ഇതും ശ്രദ്ധിക്കണം. മയക്കുമരുന്നുപയോഗം പ്രചരിപ്പിക്കുന്നതിനു തുല്യമായ കുറ്റകൃത്യമാണ് അതിനെ മഹത്വവത്ക്കരിച്ച് അവതരിപ്പിക്കുന്നതും. ചലച്ചിത്രങ്ങളുടെ ഇതിവൃത്തങ്ങളിൽ നിന്നു മാത്രമല്ല, ചലച്ചിത്ര രംഗത്തു നിന്നാകെത്തന്നെ മയക്കുമരുന്നുപയോഗം തുടച്ചു നീക്കണം. സർക്കാർ ഇക്കാര്യത്തിൽ ദൃഢചിത്തതയോടെ ഇടപെടുന്നുണ്ട്. ചലച്ചിത്ര കലാരംഗത്തുള്ളവർ മാതൃക സൃഷ്ടിക്കുംവിധം ഈ രംഗത്തു പൂർണമായും  സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രമുഖ ചലച്ചിത്ര പ്രവർത്തകരും സർക്കാർ പ്രതിനിധികളും വിഷയവിദഗ്ദ്ധരും പങ്കെടുക്കുന്ന ഈ ദ്വിദിന കോൺക്ലേവ് നൂതനമായ ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിക്കാനുള്ള ഒരു തുറന്ന സംവാദ വേദി കൂടിയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ മോഹൻലാൽ, സുഹാസിനി, വെട്രിമാരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, റസൂൽ പൂക്കുട്ടി, സയീദ് അക്തർ മിർസ എന്നിവരെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ,മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ്, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ,ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ മധു, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നിഖില വിമൽ, പത്മപ്രിയ, സന്തോഷ് ടി കുരുവിള, ഗോൾഡ സെല്ലം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവർ സംബന്ധിച്ചു. ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി എസ് പ്രിയദർശനൻ നന്ദി അറിയിച്ചു. വിവിധ  സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങളിൽ ചർച്ചകൾ നടക്കും. നാളെ (ഓഗസ്റ്റ് 3) ന് കോൺക്ലേവ് സമാപിക്കും.

Trending :
facebook twitter