
അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ആഭിമുഖ്യത്തിൽ, എൽ.കെ.ജി.യിലും ഒന്നാം ക്ലാസിലും പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പഠനധന സഹായ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി.
പഠനത്തിന്റെ ആദ്യപടികളിലെത്തുന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പോലും മികച്ച വിദ്യാഭ്യാസം ലഭിക്കണം. അതിലൂടെ മാത്രമേ അവർക്ക് സമൂഹത്തിൽ മുന്നോട്ട് വരാൻ സാധിക്കൂ. സാമ്പത്തിക സഹായം കുട്ടികളുടെ പഠന ചിലവുകൾക്ക് ചെറിയ ആശ്വാസമാകും. അതോടൊപ്പം രക്ഷിതാക്കൾക്കും കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇത് പ്രചോദനമാകും. അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ ഇ.ടി. ടൈസൺ മാസ്റ്റർ, നന്ദകുമാർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ സതീഷ് കുമാർ, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബീനാമോൾ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.