+

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് എണ്ണുന്നതിലെ ക്രമക്കേട് ; പുറത്ത് വിട്ട സിസിടിവി ദൃശ്യത്തിൽ ദുരൂഹത ഉണ്ടെന്ന് മലബാർ ദേവസ്വം എപ്ലോയീസ് യൂണിയൻ (സിഐടിയു)

ടിടികെ ദേവസ്വത്തിന് കീഴിലുള്ള  തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് എണ്ണുന്നതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് മലബാർ ദേവസ്വം എപ്ലോയീസ് യൂണിയൻ

തളിപ്പറമ്പ; ടിടികെ ദേവസ്വത്തിന് കീഴിലുള്ള  തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് എണ്ണുന്നതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് മലബാർ ദേവസ്വം എപ്ലോയീസ് യൂണിയൻ (സിഐടിയു)  തളിപ്പറമ്പ് ഏരിയാകമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.

 കഴിഞ്ഞ 25ന്  തൃച്ചംബരം   ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് എണ്ണിയിരുന്നു.   അന്ന്  രാത്രിവരെ യാതൊരുപരാതിയും ആരും  ഉന്നയിച്ചിരുന്നില്ല. അഞ്ച്ദിവസം കഴിഞ്ഞ് കഴിഞ്ഞ ബുധനാഴ്ച  ബിജെപി നേതാവ്  എ പി ഗംഗാധരൻ  പുറത്ത് വിട്ട സിസിടിവി ദൃശ്യത്തിൽ ദുരൂഹത ഉണ്ടെന്ന് നേതാക്കൾ ആരോപിച്ചു. 

ടിടികെ ദേവസ്വം എൽഡി ക്ലാർക്കും  എംഡിഇയു ഏരിയാപ്രസിഡന്റുമായ മുല്ലപ്പള്ളി നാരായണനെയും സംഘടനയേയും അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് ദൃശ്യം  പ്രചരിപ്പിച്ചത്.   ബിഎംഎസ്  നേതാവ്  കെ  പി പരമേശ്വരനും മുല്ലപ്പള്ളി നാരായണനും തമ്മിൽ എക്‌സിക്യൂട്ടിവ് ഓഫീസർ സ്ഥാനത്തെ ചൊല്ലി  നിലവിൽ ഹൈക്കോടതിയിൽ കേസുണ്ട്. 

കേസ് അവസാനഘട്ടത്തിലായതിനാൽ  വിധിയെ സ്വാധീനിക്കുക എന്ന ലക്ഷ്യമാണോ ഇതിന് പിന്നിലെന്നും സംശയിക്കുന്നതായി നേതാക്കൾ  പറഞ്ഞു. ടിടികെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർക്കോ ട്രസ്റ്റിബോർഡിനോ ലഭിക്കുന്നതിന് മുൻപ് ബിജെപി നേതാവിന് എങ്ങനെ സിസിടിവി  ദൃശ്യം കിട്ടിയെന്ന്  അന്വേഷിക്കണം. 

തൃച്ചംബരം ക്ഷേത്രത്തിൽ വർഷങ്ങളായി സേവാസമിതി  എന്നപേരിൽ ജനങ്ങളിൽനിന്ന് ലക്ഷങ്ങൾ പിരിച്ചെടുക്കുകയും  യാതൊരുരേഖയും  ഇല്ലാതെ  കൈവശം സൂക്ഷിച്ചതിന് നടപടി സ്വീകരിച്ചതിലുള്ള   വിരോധവും ഇതിന് പിറകിലുണ്ടോ എന്നും അന്വേഷിക്കണം. 

ബിജെപി നേതാവ് നേതൃത്വം നൽകുന്ന തൃച്ചംബരം മുളങ്ങേശ്വം ശിവക്ഷേത്രത്തിലെ ലക്ഷങ്ങളുടെ വരുമാനം എവിടെ പോകുന്നുവെന്ന്  ഭക്തജനങ്ങളോട്  പറയണം. ബിഎംഎസ്  നേതാവ്  കെ  പി പരമേശ്വരന്റെ തൃച്ചംബരം ക്ഷേത്രത്തിലെ സ്വർണാഭരണ മോഷണവും അന്വേഷിക്കണം. 

2022–23കാലത്ത് ക്ഷേത്ര ചുമലക്കാരനായിരിക്കെ  ക്ഷേത്രത്തിലേക്കെന്ന സ്വർണ്ണാഭരണങ്ങൾ അദ്ദേഹം സസ്പെൻഷനിലായിരുന്നപ്പോൾ  തുടർന്ന് വന്നവർക്ക് കൈമാറിയില്ല.  ദേവസ്വം ഓഫീസിലോ ഏൽപ്പിക്കാതെ ഇപ്പോഴും കൈവശംവെക്കുന്നത് തിരിച്ചുപിടിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവുണ്ടെങ്കിലും  ഇതുവരെ തിരിച്ചേൽപ്പിട്ടില്ല. 

ഇതിനെതിരെ ജീവനക്കാരുടെ ജീവൽ പ്രശ്‌നങ്ങൾ ഉയർത്തി പോരാടുന്ന മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയനെ (സിഐടിയു) അവഹേളിക്കുന്ന തരത്തിൽ നടത്തുന്ന കള്ള പ്രചാരണങ്ങൾ  തള്ളിക്കളയണമെന്നും  ഏരിയാകമ്മിറ്റി അറിയിച്ചു.  

ആരോപണത്തിനെതിരെ എം  നാരായണൻ നിയമനടപടി സ്വീകരിക്കും. സംഘടനക്കെതിരെ വ്യാപകമായ പ്രചാരണം നടക്കുന്നതിനാൽ  അന്വേഷണംനടത്തി തീരുമാനമാകുന്നത് വരെ ഏരിയാ പ്രസിഡന്റ്  സ്ഥാനത്തുനിന്നും  മുല്ലപ്പള്ളി നാരായണനെ  മാറ്റിനിർത്തിയതായും ഭാരവാഹികൾ അറിയിച്ചു. 
വാർത്താസമ്മേളനത്തിൽ കെ രവീന്ദ്രൻ, പി ഗോപിനാഥ്, ടി വി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു

facebook twitter