സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും

06:17 AM Sep 10, 2025 |


സിപിഐയുടെ 25ാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയില്‍ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 39 ക്ഷണിതാക്കള്‍ അടക്കം 528 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പുറപ്പെട്ട ദീപശിഖ പ്രയാണം സമ്മേളന നഗരിയായ കാനം രാജേന്ദ്രന്‍ നഗറില്‍ എത്തുമ്പോള്‍ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ദീപശിഖ ഏറ്റുവാങ്ങും. വൈകിട്ട് അഞ്ചിന് 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


 മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. സംസ്ഥാന നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളും സര്‍ക്കാരിന്റെ വിലയിരുത്തലും സമ്മേളനത്തില്‍ ഉണ്ടാകും. മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മായില്‍ സമ്മേളനത്തില്‍ പ്രതിനിധിയല്ലെന്നതാണ് ശ്രദ്ധേയം. അച്ചടക്ക നടപടി നേരിടുന്നതിനാല്‍ ഇസ്മായിലിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ഈ നടപടിയില്‍ കടുത്ത അസംതൃപ്തിയിലാണ് ഇസ്മായില്‍. ഇക്കാര്യങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും.സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വം തന്നെ തുടരാനാണ് സാധ്യത. 43 വര്‍ഷത്തിന് ശേഷമാണ് ആലപ്പുഴ പാര്‍ട്ടി സമ്മേളനത്തിന് വേദിയാകുന്നത്.