സി.പി.എം. ജനറല്‍ സെക്രട്ടറി ഇനി എം.എ.ബേബി . പൊളിറ്റ് ബ്യൂറോ ശുപാര്‍ശ അംഗീകരിച്ചു. ഇ.എം.എസിന് ശേഷം സി.പി.എമ്മിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ബേബി. പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം. ബേബിയെ എതിര്‍ത്തിരുന്ന ബംഗാള്‍ ഘടകം പിന്മാറി. കേന്ദ്ര കമ്മിറ്റിയില്‍ ബംഗാള്‍ഘടകം വിയോജിപ്പറിയിക്കില്ല.
ബംഗാള്‍ഘടകവും അശോക് ധവ്ളയും ബേബി ജനറല്‍ സെക്രട്ടറി ആകുന്നതിനെ എതിര്‍ത്തിരുന്നു. പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പാനല്‍ തയാറാക്കാനുള്ള പിബി യോഗം തുടങ്ങി. തുടര്‍ന്ന് നടക്കുന്ന നിലവിലെ കേന്ദ്രകമ്മിറ്റിയുടെ യോഗം പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പാനല്‍ അംഗീകരിക്കും.
സിപിഎമ്മിലെ പ്രായോഗിക വാദിയായ സൈദ്ധാന്തികനാണ് പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയാകാനൊരുങ്ങുന്ന എം.എ ബേബി. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ അമരത്തും പാർലമെൻററി രംഗത്തും മികവ് പ്രകടിപ്പിച്ചാണ് എം എ ബേബി പാർട്ടിയുടെ തലപ്പത്ത് എത്തുന്നത്. 71 വയസ്സ് പൂർത്തിയായി തൊട്ടടുത്ത ദിവസം ജനറൽ സെക്രട്ടറി എന്ന ദൗത്യത്തിന് തുടക്കം കുറിക്കുന്ന ബേബിയെ കാത്തിരിക്കുന്നത് രാജ്യത്തെ പാർട്ടിയെ വളർത്താനുള്ള നിർണായക ഉത്തരവാദിത്തമാണ്.
പന്ത്രണ്ട് വയസു വരെ അമ്മയോട് ഒപ്പം പള്ളിയിൽ പോയിരുന്ന അൾത്താര ബാലനായ വിശ്വാസിയായിരുന്ന എം എ ബേബി . യുക്തിവാദിയും അധ്യാപകനുമായിരുന്ന അച്ഛൻ അലക്സാണ്ടറുടെ പുസ്തകങ്ങൾ മകനെ വായനക്കാരനാക്കി. പരന്ന വായനയും ആഴത്തിലുള്ള ചിന്തയും രാഷ്ട്രീയക്കാരനാക്കിയ ബേബി, 72-ാം വയസിൽ സി പി എമ്മിൻെ അമരത്ത് എത്തുന്നത് ശാന്തനായി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ്. അടിയന്തിരവസ്ഥ കാലത്ത് ജയിലിൽ കിടന്നു. 75 ൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറും 79 ൽ അഖിലേന്ത്യ പ്രസിഡൻുമായി. 85 ൽ പാർട്ടി സംസ്ഥാന സമിതിയിൽ. 87 ൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി 89 ൽ കേന്ദ്രകമ്മിറ്റിയിലെത്തി. പിതാവ് കഴിഞ്ഞാൽ ബേബിയെ ഏറ്റവുമധികം സ്വാധീനിച്ചത് ഇഎംഎസ് ആയിരുന്നു,
ഇഎംഎസിന്റെ ശിഷ്യനായി ഡൽഹയിലെത്തിയത് ബേബിയിലെ രാഷ്ട്രീയക്കാരനെ തേച്ചുമിനുക്കി. ഇ എം എസിന്റെ ത്വാത്വിക സ്വഭാവവും ജനാധിപത്യ വിശ്വാസവും ബേബിയെ സ്വാധീനിച്ചു. 86 ൽ 32 ആം വയസിൽ രാജ്യസഭയിലെത്തുമ്പോൾ രാജ്യത്തെ പ്രായം കുറഞ്ഞ രാജ്യസഭ അംഗങ്ങളിൽ ഒരാളായിരുന്നു. 92 ലും രാജ്യ സഭാംഗമായ ബേബിയുടെ ദേശീയ രാജ്യാന്തര കാഴ്ച്ചപാടുകൾ പാർട്ടിക്ക് മുതൽ കൂട്ടാണ്. 98 ൽ സംസ്ഥന സെക്രട്ടറിയേറ്റിൽ എത്തിയ എം എ ബേബി പാർട്ടിയിലെ വിഭാഗീയതയിൽ പെട്ടപ്പോൾ പിബിയിലെത്തിയത് 2012 ൽ മാത്രം. ഇതിനിടെ 2002 ൽ ആലപ്പുഴ ജനറൽ സെക്രട്ടറിയായി. 2006 ൽ കുണ്ടറയിൽ നിന്ന് ജയിച്ചു വി.എസ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രി ആയ ബേബിയെ വിവാദങ്ങൾ വിടാതെ പിൻതുടർന്നു.
മതമില്ലാത്ത ജീവൻ എന്ന പാഠഭാഗവും ക്രൈസ്തവ സഭകളെ പരിഹസിച്ചുള്ള രൂപാത പരാമർശവും വിവാദമായി. സ്വാശ്രയ മേഖലയിലെ തർക്കങ്ങൾ ബേബി രണ്ടാം മുണ്ടശ്ശേരി ചമയുകയാണെന്ന വ്യാഖ്യനങ്ങളിലേക്ക് എത്തിച്ചു. 2011 ലും കുണ്ടറയിൽ നിന്ന് ജയിച്ച ബേബി പിന്നീട് ലോക് സദയിൽ എൻ കെ പ്രേമചന്ദ്രനോട് തോറ്റു. കലാസാംസ്ക്കാരിക സംഘടനയായ സ്വരലയയുടെ രൂപീകരണത്തിലും കൊച്ചി മുസരീസ് എന്ന ആശയംയഥാർഥ്യമാക്കുന്നതിൽ ചാലകശക്തിയായി. കലാസാംസ്ക്കാരിക നായകരെ സി പിഎമ്മിനോട് അടുപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു.