മേയര്‍ തികഞ്ഞ പരാജയം'; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

04:50 PM Dec 22, 2024 | JB Baby

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ക്കെതിരെ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ദേശീയ- അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ അവാര്‍ഡാണ് വേണ്ടതെന്നും കുറ്റപ്പെടുത്തലുണ്ട്. അതില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമെന്നും വിമര്‍ശനം. ഈ നിലയ്ക്ക് പോയാല്‍ നഗരസഭ ഭരണം ബിജെപി കൊണ്ടു പോകുമെന്നാണ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.

മുല്ലശേരി മധുവിന്റെ വിഷയത്തില്‍ സംസ്ഥാന- ജില്ലാ നേതൃത്വത്തിനും വിമര്‍ശനമുണ്ട്. മുല്ലശേരി മധു കഴക്കൂട്ടം വഴിപോയപ്പോള്‍ വെറുതെ കസേരയില്‍ കയറി ഇരുന്നതല്ല. ജില്ലാ-സംസ്ഥാന നേതൃത്വമാണ് മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത്. മധു മുല്ലശേരിയെ ഏരിയാ സെക്രട്ടറിയാക്കിയ ഉത്തരവാദിത്തത്തില്‍ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞു മാറാനാവില്ല.

എസ്എഫ്ഐക്കെതിരെയും രൂക്ഷവിമര്‍ശനമുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ അക്രമങ്ങളുടെ പേരിലാണ് വിമര്‍ശനം. എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറി. സമരസംഘടനയായിരുന്ന DYFI ചാരിറ്റി സംഘടനയായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. DYFI നിര്‍ജ്ജീവമെന്നും പ്രതിനിധികള്‍ പറയുന്നു.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും റിപോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കരമന ഹരി, എസ്.എ.സുന്ദര്‍, എം.എം ബഷീര്‍, മടവൂര്‍ അനില്‍ എന്നീ നേതാക്കള്‍ക്കാണ് വിമര്‍ശനം. നാക്കിന് നിയന്ത്രണമില്ലാത്ത നേതാവാണ് കരമന ഹരിയെന്ന് അഭിപ്രായമുയര്‍ന്നു. ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയ നേതാവാണ് കരമന ഹരി. വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് എസ്.എ. സുന്ദറിന് എതിരായ വിമര്‍ശനം. വിഭാഗിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എം എം ബഷീര്‍ ഇടപെടുന്നില്ലെന്നും വിമര്‍ശനം. സമ്മേളനത്തിലെ പൊതു ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞു. ചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറുപടി പറയും.