പി കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തില്‍ ആവശ്യം

07:23 AM Jan 23, 2025 | JB Baby

പാലക്കാട്: പാര്‍ട്ടി നടപടി നേരിട്ട മുന്‍ എംഎല്‍എ പി കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തില്‍ ആവശ്യം. ഗുരുതരമായ പിഴവുകള്‍ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പൊതു ചര്‍ച്ചയ്ക്ക് ഇടയിലായിരുന്നു പ്രതിനിധികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ശശിക്കെതിരെ പാര്‍ട്ടി നേരത്തെ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ജില്ലയില്‍ വിഭാഗീയത ഉണ്ടാവുമായിരുന്നില്ലെന്ന് ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പി കെ ശശിയെ കെടിഡിസി, സിഐടിയു ജില്ലാ പ്രസിഡന്റ് പദവികളില്‍ നിന്നും നീക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം തീരുമാനിക്കാന്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലയില്‍ നിലപാട് എടുക്കാനായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.
അഹീെ ഞലമറ:

നെല്ലിന്റെ സംഭരണ തുക വിതരണത്തില്‍ പാളിച്ചകള്‍ സംഭവിച്ചതില്‍ സര്‍ക്കാരിനെതിരെയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ വിവാദപ്രസ്താവനകള്‍ നടത്തിയ സംസ്ഥാന കമ്മിറ്റി അംഗമായ എന്‍ എന്‍ കൃഷ്ണദാസ് സ്വയം തിരുത്തി, മുതിര്‍ന്ന നേതാവിന്റെ പക്വത കാണിക്കണമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.