കണ്ണൂർ : മാടായി ക്ഷേത്രഭൂമിയിൽ അനധികൃതമായി കടന്നു കയറി പലസ്തീൻ അനുകൂല പരിപാടി സംഘടിപ്പച്ച തീവ്രവാദ സംഘടനകളെ വെള്ളപൂശാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വക്കറ്റ് കെ. ശ്രീകാന്ത് ആരോപിച്ചു. പിണറായി വിജയന്റെ കീഴിലുള്ള പോലീസാണ് അനധികൃതമായി പരിപാടി സംഘടിപ്പിച്ചവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
കലാപമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശമത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ദേവസ്വവും ഇത് തന്നെയാണ് പറയുന്നത്. ബിജെപി അത്തരത്തിലുള്ള സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഇപ്പോൾ സിപിഎം എഫ്‌ഐആർ എടുത്തതിനെതിരെയാണ് പ്രതികരിച്ചത്. എസ്ഡിപിഐയെയും ജമാ അത്തെ ഇസ്ലാമിയെയും സംരക്ഷിച്ച് കേസ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കേസ് അട്ടിമറിച്ച് ക്ഷേത്രഭൂമി തട്ടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്.
മാടായിക്കാവ് ദേവസ്വം ഹൈക്കോടതിയിൽ കൊടുത്ത റിട്ട് ഹർജിയിൽ അത് ക്ഷേത്രഭൂമിയല്ല എന്നാണ് വാദിച്ചത്. അതുകൊണ്ടാണ് എഫ്‌ഐർ രജിസ്റ്റർ ചെയ്തതിനെതിരെയും രംഗത്ത് വന്നത്. ഇത് തികച്ചും പ്രതിഷേധാർഹമാണ്. ക്ഷേത്രഭൂമി സംരക്ഷിക്കാനുള്ള നിലപാടിനൊപ്പം ബിജെപി നിൽക്കും. സ്‌കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തവർ എന്തിനാണ് പലസ്തീൻ അനുകൂല നിലപാടുമായി ക്ഷേത്രഭുമിയിലെത്തിയത്. നേരത്തെ വാഗമണിൽ നടന്നതുപോലുള്ള തീവ്രവാദ പരിശീലനം പോലെ ഇവിടെയും നടന്നോ എന്ന് പരിശോധിക്കണം. പോലീസ് ഗൗരവമായുള്ള അന്വേഷണം നടത്തുന്നില്ലെങ്കിൽ ബിജെപി മറ്റ് നിലപാടുകൾ സ്വീകരിക്കാൻ നിർബന്ധിതരാകുമെന്നും ശ്രീകാന്ത് പറഞ്ഞു.