'സംസ്കാരത്തിന് ചെലവ് കൂടുതൽ'; പിതാവിന്റെ മൃതദേഹം അലമാരയിൽ മകൻ ഒളിപ്പിച്ചത് രണ്ട് വർഷം

07:28 PM Apr 28, 2025 | Kavya Ramachandran

രണ്ടുവർഷത്തോളം വീട്ടിലെ അലമാരയിൽ സ്വന്തം പിതാവിന്റെ മൃതദേഹം  ഒളിപ്പിച്ച്‌ മകൻ. സംസ്‌കാരത്തിന് പണച്ചെലവ് കൂടുതലായതിനാൽ അത് ഒഴിവാക്കാനാണ് പിതാവിന്റെ മൃതദേഹം 2023 ജനുവരി മാസം മുതൽ താൻ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ജപ്പാനിലാണ് ഈ വിചിത്രമായ സംഭവമുണ്ടായത്.

നൊബുഹികോ സുസുക് എന്ന 56-കാരനാണ് പിതാവിന്റെ മൃതദേഹം അലമാരയിൽ സൂക്ഷിച്ചത്. ടോക്കിയോയിലെ ഇയാളുടെ ചൈനീസ് റെസ്‌റ്റൊറെന്റ്‌ ഒരാഴ്ചയായി അടഞ്ഞുകിടന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

86-കാരനായ പിതാവ് 2023 ജനുവരിയിലാണ് മരിച്ചതെന്ന് നൊബുഹികോ പോലീസിനോട് പറഞ്ഞു. ശവമടക്കിനുള്ള ചെലവ് വളരെ കൂടുതലാണെന്നും അതിനാലാണ് മൃതദേഹം ഒളിപ്പിച്ചുവെച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പിതാവിന്റെ മരണകാരണം വ്യക്തമല്ല. താൻ ജോലികഴിഞ്ഞെത്തിയപ്പോൾ പിതാവ് മരിച്ചനിലയിലായിരുന്നുവെന്നാണ് നൊബുഹികോ പറയുന്നത്.

ഈ സംഭവത്തോട് സാമൂഹികമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നത്. പ്രിയപ്പെട്ടവർ മരിച്ചാൽ അവരെ സ്‌നേഹിക്കുന്നവർക്ക് എന്തുചെയ്യണമെന്ന് അറിയാതെയാകുമെന്ന് ഒരാൾ കമന്റ് ചെയ്തു. അതേസമയം നൊബുഹികോ തട്ടിപ്പുകാരനാണെന്നും പിതാവിന്റെ പെൻഷൻ കൈക്കലാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും മറ്റുചിലർ കമന്റ് ചെയ്തു.