സിനിമാക്കഥകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് നാഗ്പൂരിൽ നടന്നത്. പ്രണയത്തിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. നാഗ്പൂരിലെ കുപ്രസിദ്ധ ഗുണ്ടാ സംഘമായ ഇപ്പ ഗ്യാങിലെ ഒരു ചെറിയ ഗുണ്ടക്ക് തന്റെ തലവന്റെ ഭാര്യയോട് പ്രേമം തുടങ്ങുന്നു. ആരും അറിയാതെ പരസ്പരപ്രണയം തുടങ്ങിയ അവരെ കാത്തിരുന്നതാകട്ടെ വൻദുരന്തവും.
രാത്രിയിൽ ബൈക്കിൽ കറങ്ങവേ കമിതാക്കൾ എതിരെ വന്ന ജെസിബിയിലേക്ക് ഇടിച്ചു കയറുകയും, യുവതിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പട്രോളിംഗ് വാഹനം പരിക്കേറ്റവരെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ ചികിൽസിക്കാൻ വിസമ്മതിച്ചു. തുടർന്നെത്തിച്ച മറ്റൊരു ആശുപത്രിയും ചികിത്സ നിഷേധിച്ചതോടെ ആംബുലൻസ് എത്തിച്ച് സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപ്പോഴേക്കും നില അതീവ ഗുരുതരമായ യുവതിയെ രക്ഷിക്കാനായില്ല.
ഭാര്യയുടെ മരണത്തോടെ ബന്ധം പുറത്തറിഞ്ഞ ഗുണ്ടാ തലവൻ തന്റെ കീഴിൽ ഉണ്ടായിരുന്ന അർഷദ് ടോപ്പിയെന്ന ഗുണ്ടയെ ‘വഞ്ചകൻ’ ആയി പ്രഖ്യാപിക്കുകയായിരുന്നു. ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ട ഇയാളെ തേടി കണ്ടെത്താൻ ഗുണ്ടാത്തലവൻ തന്റെ കീഴിലുള്ള നാല്പതോളം വരുന്ന ക്രിമിനലുകളെ നഗരത്തിലേക്ക് അഴിച്ചു വിട്ടതോടെ രംഗം കൂടുതൽ വഷളായി.
യുവതി അപകടത്തിൽ മരിച്ചതാവാൻ സാധ്യതയില്ലെന്നും ടോപി തലവൻറെ ഭാര്യയെ കൊന്നതാണ് എന്നുമാണ് ഗുണ്ടാ സംഘം ആരോപിക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ ടോപ്പി വെള്ളിയാഴ്ച പാർഡിയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ (ഡിസിപി) ഓഫീസിലേക്ക് സംരക്ഷണം തേടിയെത്തിയിരുന്നു. തുടർന്ന് ഇയാളുടെ മൊഴി രേഖപ്പെടുത്തി. ഇതുവരെയുള്ള അന്വേഷണത്തിൽ സ്ത്രീ അപകടത്തിൽ തന്നെയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവർ കൊല്ലപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്ന വ്യക്തമായ തെളിവുകളില്ലെന്നും പൊലീസ് പറഞ്ഞു.