മാങ്ങയ്ക്കു വേണ്ടി ഉന്തുംതള്ളും; അലങ്കോലമായി മഹോത്സവം

07:25 PM Jul 09, 2025 | Kavya Ramachandran

ലഖ്​നൗവിലെ മാമ്പഴ മഹോത്സവം കലാശിച്ചത് വൻ കലഹത്തിൽ. മഹോത്സവത്തിന്റെ അവസാനദിവസം പ്രദർശനത്തിന് വെച്ച മാമ്പഴങ്ങൾ എടുക്കാനുള്ള ആളുകളുടെ തിക്കും തിരക്കുമാണ് സംഘർഷത്തിന് വഴിവെച്ചത്. ഇതോടെ ആയിരക്കണക്കിന് ആളുകൾ പങ്കടുത്ത മഹോത്സവം അലങ്കാലമാവുകയും ചെയ്തു. വൈകീട്ട് പ്രദർശനം നടക്കുന്ന മുറിയിലേക്ക് ആളുകൾ ഇരച്ചെത്തി മാങ്ങകൾ വാരിക്കൊണ്ടുപോവുകയാണുണ്ടായത്. ഇതിന്റെ വീഡിയോ വൻ വൈറലാണ് ഇപ്പോൾ. വീഡിയോകൾക്കു താഴെ ധാർമികരോഷം നുരയുന്ന കമന്റുകളുടെ പെരുമഴയാണ്.

'അതിവേഗം വളരുന്ന ജിഡിപി, എന്നാൽ ഒരു പൗരബോധവുമില്ലാത്ത ജനങ്ങൾ. എന്തൊരു വിരോധാഭാസം.' വീഡിയോ കണ്ട ഒരാൾ അഭിപ്രായപ്പെട്ടു. 'നമ്മുടെ രാജ്യത്ത് സ്വാഭിമാനം, സത്യസന്ധത, ബഹുമാനം എന്നിവയ്ക്ക് മുൻതൂക്കം നൽകിയ ഒരു കാലം ഉണ്ടായിരുന്നു. അതെല്ലാം നമ്മൾ നഷ്ടപ്പെടുത്തി എന്നത് ഹൃദയഭേദകമാണ്.' എന്ന് മറ്റൊരാൾ കുറിച്ചു. കുറച്ച് സമയം കൂടി നൽകിയിരുന്നെങ്കിൽ ആളുകൾ മേശയും വിരിപ്പും വരെ കൊണ്ടുപോവുമായിരുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

ജൂലായ് നാല് മുതൽ ആറ് വരെ ആയിരുന്നു ഈ വർഷത്തെ മാമ്പഴ മഹോത്സവം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു. എല്ലാ വർഷവും ഈ മേഖലയിൽ കാണപ്പെടുന്ന വിവിധയിനം മാമ്പഴങ്ങളുടെ പ്രദർശനം ഇവിടെ നടത്താറുണ്ട്. മാമ്പഴം രുചിച്ച് നോക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേകം സ്ഥലം ഏർപ്പാടാക്കിയിട്ടുണ്ട്.

Trending :