
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1,100 ആയി പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രദേശങ്ങളില്‍ ഓരോ പോളിംഗ് ബൂത്തുകളിലും 1,300 ഉം മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 1,600 വോട്ടര്‍മാരെയും ക്രമീകരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.
അധികമാളുകള്‍ പോളിംഗ് ബൂത്തില്‍ എത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് വി ഡി സതീശന്‍ പറയുന്നു. ഇത് പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിരയ്ക്ക് കാരണമാകും. കാത്ത് നിന്ന് മടുക്കുന്നതോടെ ആളുകള്‍ വോട്ട് ചെയ്യാതെ മടങ്ങും. ഈ സാഹചര്യം ഒഴിവാക്കണമെന്നും ഓരോ ബൂത്തുകളിലും വോട്ടര്‍മാരുടെ എണ്ണം 1,100 ആയി പരിമിതപ്പെടുത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.