തൃശൂർ: പീച്ചിയിൽ കസ്റ്റഡി മർദനം. ഹോട്ടൽ മാനേജരെയും ജീവനക്കാരനേയും സ്റ്റേഷന് അകത്തു വെച്ച് പൊലീസ് തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. 2023 മേയ് 24നായിരുന്നു സംഭവം. ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനമെന്ന് ഹോട്ടൽ ഉടമ ഔസേപ്പ് .
ഹോട്ടലിലെ തർക്കത്തെ തുടർന്ന് പ്രശ്നമുണ്ടാക്കിയ ആൾ ഷർട്ടിൽ ഭക്ഷണം തേച്ച് വ്യാജ പരാതി നൽകുകയായിരുന്നു. ഈ സമയം പൊലീസിനെ വിളിച്ചെങ്കിലും വന്നില്ല. പിന്നാലെ പരാതി നൽകാൻ മാനേജരും ഡ്രൈവറും ചെന്നപ്പോൾ അവരെ ചുമരുചാരി നിർത്തി. എസ് ഐ ആദ്യം ഫ്ളാസ്ക് കൊണ്ട് തല്ലാൻ ശ്രമിച്ചു. ശേഷം ഇവരുടെ മുഖത്ത് അടിച്ചു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞു.