കൊച്ചി: പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രണത്തില്‍ പിതാവിനെ നഷ്ടമായ എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്ക് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന്റെ തെറിവിളിയാണ്. പിതാവിനൊപ്പമുണ്ടായിരുന്ന തനിക്കും മക്കള്‍ക്കും രക്ഷയായത് മുസ്ലീം സഹോദരങ്ങളാണെന്ന് പറഞ്ഞതോടെയാണ് ആരതിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്.
കൂട്ടക്കൊലയില്‍ പ്രദേശമാകെ ഭീതിയിലായപ്പോള്‍ സഹായവുമായി ഞങ്ങള്‍ക്കരികിലേക്ക് ഓടിയെത്തിയത് കശ്മീരിലെ ഡ്രൈവര്‍മാരായ ആ രണ്ടു മുസ്ലിം യുവാക്കളാണ്. ഇടവും വലവുംനിന്ന് അവര്‍ ഞങ്ങളെ കാത്തു. എല്ലാ കാര്യങ്ങള്‍ക്കും അവര്‍ ഒപ്പമുണ്ടായിരുന്നു. അല്ലാഹു അവരെ രക്ഷിക്കട്ടെയെന്നാണ് ചിന്തിച്ചതെന്നും ആരതി കഴിഞ്ഞദിവസം പറയുകയുണ്ടായി.
കശ്മീരിന്റെ മണ്ണില്‍ കണ്‍മുന്നിലാണ് അച്ഛന്‍ പിടഞ്ഞുവീണത്. നികത്താനാകാത്ത ആ നഷ്ടത്തിനു പകരമല്ല ഒന്നും. എന്നാല്‍ അതേ മണ്ണ് എനിക്ക് രണ്ടു കൂടപ്പിറപ്പുകളെ നല്‍കി മുസാഫിറും, സമീറും. കാശ്മിരില്‍ എനിക്ക് കിട്ടിയ രണ്ടു സഹോരങ്ങളാണവര്‍. അനിയത്തിയെ പോലെയാണ് അവര്‍ എന്നെ കൊണ്ടുനടന്നതെന്നും ആരതി പറഞ്ഞു.
ആരതി മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ അവര്‍ക്കെതിരെ തെറിവിളിയും അധിക്ഷേപവും ആരംഭിച്ചിരുന്നു. അവര്‍ കരയുന്നില്ലെന്നും ലിപ്സ്റ്റിക് ഇട്ടെന്നും നല്ല വസ്ത്രങ്ങള്‍ ധരിച്ചെന്നുമെല്ലാം അധിക്ഷേപം നടത്തിവര്‍ പറഞ്ഞു. എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. മനുഷ്യനെന്ന പദത്തിന്റെ അര്‍ഥം അറിയാത്ത കീടജന്മങ്ങളെ കൊണ്ട് ഭൂമി നിറയുമ്പോള്‍ ആരതീ, നിങ്ങള്‍ വലിയൊരു പ്രതീക്ഷയാണ്. ആശ്വാസവും മാതൃകയുമാണെന്ന് അവര്‍ കുറിച്ചു.
എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
കരച്ചിലിന്റെ അളവും പുറത്തു കാണുന്ന ധൈര്യവും നോക്കി സ്‌നേഹം അളക്കുന്നവരോട് പറയാനുള്ളത്.
സമചിത്തത, വിപദിധൈര്യം, സാമൂഹിക ഉത്തരവാദിത്തം ഇതെല്ലാമാണ് വിവേകമതികളായ മനുഷ്യരുടെ ലക്ഷണം. സ്‌നേഹമെന്നത് അച്ഛനോടു മാത്രമുണ്ടാവേണ്ട ചെറുവികാരവുമല്ല.
ധീരമായി പ്രതിസന്ധിയെ നേരിടുന്നവരുടെ ചുണ്ടിന്റെ നിറവും ക്ലീവേജും കണ്‍പീലിയും പൗഡറും വയറും നോക്കി ഹൂശ് ... ശബ്ദമുണ്ടാക്കി, സ്വന്തം മനസ്സിലെ മാലിന്യം കയ്യിട്ടു വാരി നക്കുന്നതല്ല സംസ്‌കാരലക്ഷണം.
ഒന്നു മനസ്സിലാക്കണം, നിങ്ങളുടെ അച്ഛനല്ല, അവരുടെ അച്ഛനാണ് കണ്മുന്നില്‍ വെടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നിട്ടും മക്കളെയും അമ്മയെയും ചേര്‍ത്തു പിടിച്ച് ധൈര്യം വിടാതെ സംസാരിക്കുന്ന അവര്‍ വെറുപ്പിന്റെ, അവിവേകത്തിന്റെ, മതവിദ്വേഷത്തിന്റെ ഒരു ശബ്ദവും പുറപ്പെടുവിക്കുന്നില്ല.
മനുഷ്യനെന്ന പദത്തിന്റെ അര്‍ഥം അറിയാത്ത കീടജന്മങ്ങളെ കൊണ്ട് ഭൂമി നിറയുമ്പോള്‍ ആരതീ, നിങ്ങള്‍ വലിയൊരു പ്രതീക്ഷയാണ്. ആശ്വാസവും മാതൃകയുമാണ്.