മൊൻത ചുഴലിക്കാറ്റ്; നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും

11:18 AM Oct 27, 2025 | Kavya Ramachandran

ബെംഗളൂരു: മൊൻത ചുഴലിക്കാറ്റ് നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് നാളെ രാവിലെ കര തൊടും. ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സർക്കാർ മുന്നൊരുക്കങ്ങൾ ശക്തമാക്കി. ശ്രീകാകുളം ജില്ലയിൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ആന്ധ്രയിൽ 23 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 

പ്രകാശം, നെല്ലൂർ, വെസ്റ്റ് ഗോദാവരി, കാക്കിനട ഉൾപ്പെടെ 7 ജില്ലകളിൽ റെഡ് അലർട്ടാണ്. ഗുണ്ടുരിലും അതീവ ജാഗ്രത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ഫുട്പാത്തുകളിൽ നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചു. ഭക്ഷ്യ ധാന്യങ്ങളും ഇന്ധനവും അവശ്യ വസ്തുക്കളും ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കടൽ തീരങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി. ആശുപത്രികളിൽ പ്രത്യേക വാർഡുകൾ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും. കാക്കിനട, കോണസീമ, വെസ്റ്റ് ഗോദാവരി ജില്ലകളിൽ സ്കൂളുകൾ അടച്ചു.