മുടി തഴച്ചു വളരാൻ പാലുൽപന്നങ്ങൾ കഴിയ്ക്കാം

03:15 PM May 08, 2025 | Kavya Ramachandran

മുടിയെ പോഷിപ്പിക്കുന്ന പ്രകൃതിദത്തമായ ചേരുവകളിൽ പ്രധാനമാണ് പാലും പാലുത്പന്നങ്ങളും. മുടിയുടെ ശക്തി, കട്ടി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ബയോട്ടിൻ, കാൽസ്യം, നല്ല കൊഴുപ്പുകൾ എന്നിവ പാലിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് ഉത്തമമായ 5 പാൽ ഉത്പന്നങ്ങളെക്കുറിച്ചും അവ എങ്ങനെ ഭക്ഷണത്തിലും മുടി സംരക്ഷണത്തിലും ഉപയോഗിക്കാമെന്നും നോക്കാം.

ഇന്ത്യൻ ഭക്ഷണത്തിലെ പ്രധാനപ്പെട്ട ഒന്നാണ് തൈര്. ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കേടായ മുടിയെ നന്നാക്കാൻ സഹായിക്കുന്നു. കൂടാതെ, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക്സും ഇതിലുണ്ട്. ഇത് മുടി വളരാൻ സഹായിക്കുന്നു. തലയിൽ തൈര് പുരട്ടുന്നത് ചർമ്മത്തിന് നല്ലതാണ്. ഇത് താരൻ കുറയ്ക്കുകയും വരണ്ട ചർമ്മത്തിന് ഈർപ്പം നൽകുകയും ചെയ്യുന്നു.തൈര് മാത്രമല്ല, മോരും സംഭാരവുമെല്ലാം ഏറെ ഗുണം നൽകുന്ന ഒന്നാണ്. പ്രോട്ടീനും ബയോട്ടിനും ലഭിക്കാൻ തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മുടിക്ക് കിട്ടുന്ന ഗുണങ്ങൾ:

- മുടിക്ക് ബലം നൽകുന്നു.
- മുടി കൊഴിച്ചിൽ കുറയ്ക്കുന്നു.
- തലയിലെ pH നിലനിർത്തുന്നു.
- താരനും ചൊറിച്ചിലും ഇല്ലാതാക്കുന്നു.

എങ്ങനെ ഉപയോഗിക്കാം:

2 ടേബിൾസ്പൂൺ തൈരിൽ 1 ടേബിൾസ്പൂൺ തേനും 1 ടേബിൾസ്പൂൺ ഒലിവ് ഓയിലും ചേർക്കുക. ഇത് മുടിയിൽ തേച്ച് 30-40 മിനിറ്റിനു ശേഷം കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം.

നെയ്യ്

നെയ്യ് ആയുർവേദത്തിൽ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒന്നാണ്. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തലയിൽ തേക്കുന്നത് മുടിയുടെ വേരുകളെ പോഷിപ്പിക്കാനും മുടിക്ക് കട്ടി നൽകാനും സഹായിക്കുന്നു. നെയ്യ് കഴിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നു.ചോറിലോ പരിപ്പിലോ നെയ്യ് ചേർത്ത് കഴിക്കുക.

മുടിക്ക് കിട്ടുന്ന ഗുണങ്ങൾ:

- തലയോട്ടിക്ക് നല്ല ഈർപ്പം നൽകുന്നു.
- വരൾച്ചയും മുടി പൊട്ടുന്നതും കുറയ്ക്കുന്നു.
- മുടിക്ക് ബലം നൽകുന്നു.
- തലയിലെ രക്തയോട്ടം കൂട്ടുന്നു.

എങ്ങനെ ഉപയോഗിക്കാം:

ഒരു ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി തലയിൽ മസാജ് ചെയ്യുക. 1-2 മണിക്കൂറിനു ശേഷം കഴുകി കളയുക.

പനീർ

പനീർ പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഒരു ഭക്ഷണമാണ്. കാൽസ്യം, ബി-കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവയും ഇതിലുണ്ട്. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ കെരാറ്റിൻ ഉണ്ടാക്കാൻ ഇത് സഹായിക്കുന്നു. പനീർ കഴിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും കഴിയും.പനീർ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

മുടിക്ക് കിട്ടുന്ന ഗുണങ്ങൾ:

- കെരാറ്റിൻ ഉത്പാദനത്തിന് സഹായിക്കുന്നു.
- മുടി പൊട്ടുന്നത് തടയുന്നു.
- മുടിക്ക് കട്ടി നൽകുന്നു.
- മുടിക്ക് നല്ല ആരോഗ്യം നൽകുന്നു.

എങ്ങനെ ഉപയോഗിക്കാം:

പനീർ സാധാരണയായി തലയിൽ പുരട്ടാറില്ല. പക്ഷേ, പനീർ പേസ്റ്റും കറ്റാർ വാഴ ജെല്ലും ചേർത്ത് മുടിയിൽ തേക്കുന്നത് മുടിക്ക് നല്ലതാണ്.ഇത് മുടിയ്ക്ക് നല്ലൊരു കണ്ടീഷനിംഗ് ഇഫക്ട് നൽകുന്നു.