+

ക്ഷീരകർഷകർ നാടിന്റെ നട്ടെല്ല്: മന്ത്രി റോഷി അഗസ്റ്റിൻ

ക്ഷീരകർഷകർ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ സമഗ്ര മാറ്റം സ്ഥിരമായി നിലനിർത്താൻ ക്ഷീരമേഖലക്ക് സാധിച്ചുവെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ക്ഷീരവികസന വകുപ്പ് ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ ഉല്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ നാം വലിയ മുന്നേറ്റം നടത്തി. കേരളത്തിൽ  3600ലധികം ക്ഷീരസംഘങ്ങൾ  പ്രവർത്തിക്കുന്നു. 

ഇടുക്കി : ക്ഷീരകർഷകർ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ സമഗ്ര മാറ്റം സ്ഥിരമായി നിലനിർത്താൻ ക്ഷീരമേഖലക്ക് സാധിച്ചുവെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ക്ഷീരവികസന വകുപ്പ് ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ ഉല്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ നാം വലിയ മുന്നേറ്റം നടത്തി. കേരളത്തിൽ  3600ലധികം ക്ഷീരസംഘങ്ങൾ  പ്രവർത്തിക്കുന്നു. 

2,75000 ത്തിലധികം  കർഷകർ സജീവ സാന്നിധ്യമായി തുടരുന്നു. ഗുണമേന്മ ഉറപ്പാക്കി 20 ലക്ഷം ലിറ്റർ പാൽ പ്രാദേശിക വിപണിയിലായതിന് ശേഷം 15 ലക്ഷം ലിറ്റർ പാൽ മിൽമക്ക് കൊടുക്കുന്നു. 

ഇതരസംസ്ഥാനത്ത് നിന്നുള്ള പാലിന്റെ ഗുണമേന്മയും ചെക്പോസ്റ്റിൽ തന്നെ പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. കർഷകരുടെ താല്പര്യം സംരക്ഷിച്ചു സാമ്പത്തികഭദ്രത ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങളാണ് ഇടുക്കി ജില്ലയിൽ നടപ്പിലാക്കുന്നത്.
 ത്രിതലപഞ്ചായത്തുകൾ  തീറ്റപ്പുൽ കൃഷി, കാലിത്തീറ്റ തുടങ്ങിയവയ്ക്ക് സബ്‌സിഡി നൽകി മേഖലക്ക് മികച്ച പിന്തുണയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
     
മണിയാറൻകുടി സെന്റ് മേരീസ് ചർച്ച് പാരിഷ്ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടർ ബെറ്റി ജോഷ്വാ റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ രണ്ടു പതിറ്റാണ്ടായി പാലളവ് നടത്തുന്ന  മണിയാറൻകുടി ക്ഷീരസംഘത്തിലെ മുതിർന്ന ക്ഷീരകർഷകനായ 91 വയസുള്ള തങ്കപ്പൻ ഒഴാങ്കലിനെയും ക്ഷീരമേഖലയിൽ ആവശ്യമായ ഫണ്ട് വകയിരുത്തിയ ത്രിതല പഞ്ചായത്തുകളായ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്‌, വാഴത്തോപ്പ്, കാമാക്ഷി ഗ്രാമ പഞ്ചായത്തുക ളെയും ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകരായ സേവ്യർ ചാക്കോ കൊച്ചുവീട്ടിൽ (കർഷകൻ), രോഷ്നി ബാബു ചേറാനിയിൽ(കർഷക), മിനി സുകുമാരൻ മാവുളയിൽ (എസ്.സി./എസ്.ടി വിഭാഗം) എന്നിവരെയും മന്ത്രി ആദരിച്ചു.

ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന സംഘമായ വാഴത്തോപ്പ്  ആപ്കോസ്,  ഏറ്റവും ഗുണമേന്മയുള്ള പാൽ അളന്ന സംഘമായ മണിയാറൻകുടി ആപ്കോസ്,  ഏറ്റവും കൂടുതൽ പാൽ അളന്ന സംഘം പ്രസിഡന്റായ മോളിക്കുട്ടി ജെയിംസ്- കാൽവരിമൗണ്ട് ആപ്കോസ്, ബ്ലോക്കിലെ ഓരോ ക്ഷീരസംഘങ്ങളിലും ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകരായ സീന റോഷി (വാഴത്തോപ്പ്  ആപ്കോസ്), റോയ് ജോസഫ്(മണിയാറൻകുടി ആപ്കോസ്), ഫിലോമിന സണ്ണി (പാണ്ടിപ്പാറ ആപ്കോസ്), ജയചന്ദ്രൻ (നെല്ലിപ്പാറ ആപ്കോസ്), ജെസി അഗസ്റ്റിൻ (ചേറ്റനിക്കട  ആപ്കോസ്), ജിഷ മനോജ്‌(കരിമ്പൻ ആപ്കോസ്), ഏലിക്കുട്ടി ജോർജ് (കുളമാവ് ആപ്കോസ്), ഷിജോമോൻ ജോസഫ് (ഉദയഗിരി ആപ്കോസ്), ജോർജ് വർക്കി (തങ്കമണി  ആപ്കോസ്), രാജു മുത്ത് (കാൽവരിമൗണ്ട് ആപ്കോസ്) എന്നിവരെയും  ഇടുക്കി ബ്ലോക്കിലെ മികച്ച യുവകർഷകയായ അമ്പിളി പ്രവീൺ കോഴിക്കാമാലിൽ എന്നിവരെ ആദരിക്കുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്തു. 

കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ജി. സത്യൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് മിനി ജേക്കബ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി തോമസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിജി ചാക്കോ, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ജോയി, കാമാക്ഷി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ്സൺ സോണി ചൊള്ളാമഠം  തുടങ്ങിയവർ ചേർന്നാണ് വിവിധ വിഭാഗങ്ങൾക്കുള്ള ആദരവും പുരസ്കാരങ്ങളും നൽകിയത്.

ക്ഷീരസംഗമത്തോടനുബന്ധിച്ച് നടത്തിയ കന്നുകാലി പ്രദർശനമത്സരത്തിൽ ബേബി പുത്തൻപുരക്കൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്ഷീരകർഷകർക്ക് സാമ്പത്തിക സാക്ഷരത എന്ന വിഷയത്തിൽ കേരളബാങ്ക് പ്രതിനിധി ശ്രീജ കെ. ബി ക്ലാസുകൾ നയിച്ചു.
 
മണിയാറൻകുടി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ക്ഷീരസഹകരണസംഘങ്ങൾ, കേരള ഫീഡ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.യോഗത്തിൽ ഇടുക്കി ബ്ലോക്കിലെ ക്ഷീര കർഷകർ,  ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റുമാർ,  ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ, കേരള ഫീഡ്സ്, മിൽമ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 
 

facebook twitter