
തൃക്കരിപ്പൂർ: പാലുത്പാദനത്തിലെ കുറവും കാലിത്തീറ്റ വിലവർധനയും കാലങ്ങളായി ക്ഷീരമേഖലയുടെയും ക്ഷീരകർഷകരുടെയും നടുവൊടിക്കുകയാണ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ പശുക്കളെ കിട്ടാനില്ലാത്തത് ജില്ലയിലെ കർഷകരെ വലയ്ക്കുകയാണ്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കാലികളെ കർഷകർ കൊണ്ടുവരാറുള്ളത്. എന്നാൽ ഇവിടുങ്ങളിൽ നിന്നും പശുക്കളെ എത്തിച്ചാൽ പ്രതീക്ഷിച്ചത്ര പാലു കിട്ടാത്തതും രോഗങ്ങളും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ഇവിടങ്ങളിൽനിന്നും നല്ലയിനം പശുക്കളെയാണ് കൊണ്ടുവരുന്നതെങ്കിലും നാട്ടിലെ കാലാവസ്ഥ ഈ പശുക്കൾക്ക് യോജിക്കാത്തതാണ് കാരണം. നല്ലയിനം കാലികളുടെ കുറവ് പാലുത്പാദനത്തെ ബാധിക്കുന്നുണ്ട്.
ഉത്പാദനച്ചെലവ് വർധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്ന സ്ഥിതിയുമാണെന്ന് കർഷകർ പറയുന്നു. കാലാവസ്ഥയ്ക്ക് അനുയോജ്യമായ കാലികളെ കണ്ടെത്തുകയാണ് താത്കാലിക പരിഹാരം.
എന്നാൽ കർഷകർക്ക് കേരളത്തിനകത്തുനിന്നോ പുറത്തുനിന്നോ കാലികളെ കണ്ടെത്താൻ കഴിയുന്നില്ല. കൈവശമുള്ള നല്ല പശുക്കളെയും കിടാരികളെയും ഉടമകൾ വിൽക്കുന്നുമില്ല. ഇതോടെ പ്രാദേശിക വില്പനയും കുറഞ്ഞു. നിലവിൽ പദ്ധതികളിൽ സബ്സിഡി ഇനത്തിൽ പശുക്കളെ വാങ്ങാൻ തുക കിട്ടുമെങ്കിലും നല്ല പശുക്കളെ എവിടന്ന് വാങ്ങണമെന്നതാണ് കർഷകരെ അലട്ടുന്ന പ്രശ്നം.
കിടാരി പാർക്ക് വേണം
ജില്ലയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ 1000 കിടാരികളെ വളർത്തി ചന പിടിപ്പിച്ച് മിതമായ നിരക്കിൽ ഒരുവർഷം കർഷകർക്ക് വിതരണം ചെയ്യാനാവശ്യമായ വൻകിട കിടാരി പാർക്ക് പ്രോജക്ട് ജില്ലയിൽ നടപ്പാക്കണമെന്ന് കർഷകർ പറയുന്നു. വൈക്കോൽ, കാലിത്തീറ്റ, സൈലേജ്, പെല്ലറ്റ് ഉൾപ്പെടെയുള്ളവയുടെ വിലവർധന കർഷകന് താങ്ങാൻ പറ്റാത്തത്താണ്.
വിലവർധനയിൽ ഇടപെടലും മിതമായ നിരക്കിൽ കർഷകന് തീറ്റസാധനങ്ങൾ ലഭ്യമാക്കുകയും വേണം.കാലിത്തീറ്റയ്ക്ക് സ്ഥിരമായി സബ്‌സിഡി അനുവദിക്കണം. പെല്ലറ്റ് (കന്പനിത്തീറ്റ), സൈലേജ്, പച്ചപ്പുല്ല് എന്നിവയും സബ്‌സിഡി നിരക്കിൽ കർഷകർ ക്ക് ലഭ്യമാക്കണം. സംസ്ഥാനത്തെ മുഴുവൻ കന്നുകാലികൾക്കും ചികിത്സാസൗകര്യമുൾപ്പെടെ സൗജന്യ നിരക്കിൽ ലഭ്യമാകുന്ന ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും കർഷകർ പറയുന്നു.