പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയെ മോഷണകുറ്റം ആരോപിച്ച് അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കൂടുതല്‍ നടപടികള്‍. ബിന്ദുവിനെ കസ്റ്റഡിയില്‍ അപമാനിച്ച സംഭവത്തില്‍ എഎസ്ഐ പ്രസന്നനെയും സസ്പെന്‍ഡ് ചെയ്യും. കന്റോമെന്റ് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്യാന്‍ കമ്മീഷണര്‍ തീരുമാനിച്ചത്.
പേരൂര്‍ക്കട പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. കുറ്റം നിഷേധിച്ചിട്ടും ബിന്ദുവിനെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോയതിലടക്കം വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വീട്ടുടമ ഓമന ഡാനിയേലിന്റെ മാല മോഷണം പോയതിലും വിശദ അന്വേഷണമുണ്ടാകും.
ഇല്ലാത്ത മോഷണ കുറ്റം ചുമത്തി പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയായ ബിന്ദുവിന് നേരിടേണ്ടിവന്നത് കൊടിയ പീഡനങ്ങളാണെന്ന വിവരം പുറത്ത് വന്നതോടെയാണ് നടപടി. ചട്ടങ്ങളും മനുഷ്യാവകാശങ്ങളും കാറ്റില്‍പ്പറത്തിയായിരുന്നു ഒരു രാത്രി മുഴുവന്‍ ബിന്ദുവിനെ സ്റ്റേഷനില്‍ നിര്‍ത്തി അധിക്ഷേപിച്ചത്. പൊലീസും ചെയ്യാത്ത കുറ്റത്തിന് കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയിട്ടും അവഗണിച്ച് അപമാനിച്ച മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിക്കൂട്ടില്‍ ആയതിന് പിന്നാലെയാണ് മുഖം രക്ഷിക്കാന്‍ പേരൂര്‍ക്കട എസ്ഐ എസ് ജി പ്രസാദിനെ സസ്പെന്‍ഡ് ചെയ്തത്. വിവാദമായതോടെയാണ് കൂടുതല്‍ നടപടി.