കലൂരില്‍ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവില്‍ സംഘാടകര്‍ ആയ മൃദംഗ വിഷന്റെ കണക്കുകള്‍ പരിശോധിച്ച് പൊലീസ്.
പരിപാടിയുടെ വരവ് ചെലവ് കണക്കുകള്‍ പൊലീസ് പരിശോധന നടത്തിവരികയാണ്. പണം എത്തിയ അക്കൗണ്ടുകള്‍ കണ്ടെത്താനും നടപടി തുടങ്ങിയിട്ടുണ്ട്. പ്രതിഫലം അല്ലാത്ത സാമ്പത്തിക ലാഭം ദിവ്യ ഉണ്ണിക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. അതിന് ശേഷം മാത്രമായിരിക്കും ദിവ്യാ ഉണ്ണിയെ ചോദ്യം ചെയ്യുക.
അന്വേഷണവുമായി ബന്ധപ്പെട്ട് മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ വന്‍ രജിസ്‌ട്രേഷന്‍ കൊള്ള നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളില്‍ നിന്ന് 1400 മുതല്‍ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകര്‍ക്ക് എതിരെയുളള ആരോപണം. കുട്ടികളില്‍ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയെന്നാണ് ആരോപണം. പരസ്യത്തിനായും വന്‍ തുക സംഘാടകര്‍ പിരിച്ചുവെന്നും നൃത്ത അധ്യാപകര്‍ പറഞ്ഞിരുന്നു.